തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്.
അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര. ഉറ്റവരും ഉടയവരുമായ 5 പേരെ വെട്ടിയും ചുറ്റികയ്ക്ക് അടിച്ചുമാണ് 23 വയസുകാരൻ അഫാൻ അരുകൊലകൾ നടത്തിയത്. പൊലീസെത്തിയപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും കൊലപാതക വിവരം അറിയുന്നത്. മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങൾ. പേരുമല സ്വദേശി അഫാന്‍റെ കൊലക്കത്തിക്കും ചുറ്റികയ്ക്കും ആദ്യം ഇരയായത് പാങ്ങോടുള്ള അച്ഛന്‍റെ അമ്മ 88 വയസുള്ള സൽമാ ബീവിയാണ്. തല ഭിത്തിയിലിടിച്ച നിലയിലാണ് വയോധികളെ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം സൽമാബീവിയുടെ മാലയുമായി ബൈക്കിൽ കടന്ന അഫാൻ പുല്ലമ്പാറ എസ്എൻ പുരത്തെ ബന്ധുവീട്ടിലെത്തി ചോരക്കറ ഉണങ്ങും മുൻപ് അച്ഛന്‍റെ ജ്യേഷ്ഠ സഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊന്നു.
കൃത്യത്തിന് ശേഷം കൂസലില്ലാതെ പേരുമലയിലെ സ്വന്തം വീട്ടിലെത്തി. തന്നേക്കാൾ പത്തുവയസിന് താഴെയുള്ള സഹോദരൻ അഫ്സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നൽകി. വൈകീട്ട് മൂന്നരയോടെ പെൺസുഹൃത്ത് ഫർസാനയെ വെഞ്ഞാറമ്മൂട് മുക്കുന്നൂരിലെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ ചുറ്റിക കൊണ്ട് പലതവണ തലയ്ക്കടിച്ച് ഫർസാനയുടെ മരണം ഉറപ്പാക്കി.
സഹോദരൻ അഫ്സാനെ വകവരുത്തി. ക്യാൻസർ രോഗിയായ അമ്മ ഷെമിയേയും വെറുതെ വിട്ടില്ല. ഷെമിയെ ചോരയിൽ കുളിപ്പിച്ച് കിടത്തിയ അഫാൻ, മരിച്ചെന്ന് കരുതി കൂട്ടക്കുരുതിക്ക് ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. ആറരയോടെ വെഞ്ഞാറമ്മൂട് സ്റ്റേഷനിലെത്തി കുറ്റസമ്മതം. ആറുപേരെ കൊന്നെന്നും എലിവിഷം കഴിച്ചെന്നും മൊഴി. ഒരു പകൽ മുഴുവൻ കൂസലില്ലാതെ ഒന്നിന് പിറകെ ഒന്നായി കൊലപാതകം നടത്തി നാട് മുഴുവൻ ബൈക്കിൽ കറക്കം. പ്രതിയുടെ ക്രൂരകൃത്യത്തിൽ നടുങ്ങി നാട്. സാമ്പാത്തിക പ്രതിസന്ധി തീർക്കാൻ കൊലപാതകം നടത്തിയെന്ന പ്രതിയുടെ മൊഴിയിൽ അമ്പരപ്പിലാണ് പൊലീസ്.