റംസാനില്‍ മുസ്‌ലിം ജീവനക്കാരുടെ ജോലി സമയം ഒരു മണിക്കൂര്‍ കുറച്ചു; തെലങ്കാന സര്‍ക്കാരിനെതിരെ ബിജെപി

തെലങ്കാനയില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് റംസാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മണിക്കൂര്‍ ജോലി സമയം കുറച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതാരംഭം മുതല്‍ ഒരു മാസത്തേക്കാണ് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തെലങ്കാന ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പതിവ് ജോലി സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഓഫീസ് വിടുന്നതിന് അനുമതിയുള്ളത്.

ഇതിനിടെ തെലങ്കാന സര്‍ക്കാര്‍ തീരുമാനം പ്രീണനമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കണം. അല്ലെങ്കില്‍ ആര്‍ക്കും നല്‍കരുതെന്നും ഇത് മതപരമായ ഭിന്നത വര്‍ധിപ്പിക്കുമെന്നും ബിജെപി എംഎല്‍എ രാജ സിങ് ആരോപിച്ചു. ദേശീയ തലത്തിലും ബിജെപി ഇത് പ്രചരാണയുധമാക്കുന്നുണ്ട്. എന്നാല്‍ ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. എല്ലാ മതങ്ങളുടെയും ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇത്തരത്തില്‍ അവധി നല്‍കുന്നുണ്ട്. ദസ്സറയ്ക്ക് 13 ദിവസമാണ് തെലങ്കാന സര്‍ക്കാര്‍ അവധി നല്‍കിയതെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *