മോദി ട്രംപിനെ കണ്ടിട്ടും രക്ഷയില്ല; അമേരിക്കയിൽ നിന്ന് രണ്ടാം ബാച്ച് ഇന്ത്യക്കാരെ എത്തിച്ചതും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്

അമേരിക്കയിൽ അനധികൃതമായി കുടിയേറിയ രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതും കൈകാലുകൾ ബന്ധിച്ചെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാത്രി 11.40 ഓടെയാണ് സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ മടക്കിയയച്ചത്. പഞ്ചാബിലെ അമൃതസറിൽ ഇറങ്ങിയ ഇന്ത്യക്കാരുടെ കൈകളിൽ വിലങ്ങണിയിക്കുകയും കാലുകൾ ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയിൽ എത്തിയ ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ച് മാറ്റിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ചത്.നേരത്തെ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് മടക്കിയയച്ചത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

വിഷയത്തിൽ പ്രതികരിക്കാതിരുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അടക്കം രംഗത്ത് വന്നിരുന്നു. പാർലമെന്റിലും വിഷയം ചർച്ചയായിരുന്നു. വിഷയം യുഎസ് അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ടെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കൂടിക്കാഴ്‌ച്ചയ്ക്കിടെ മോദി വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു.

ഈ സമയത്താണ് രണ്ടാം ബാച്ച് ഇന്ത്യക്കാരുമായുള്ള വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ നേരത്തെ സ്വീകരിച്ച നടപടിയിൽ നിന്ന് പിന്നോട്ട് പോകാൻ യുഎസ് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *