‘അനന്തു കൃഷ്ണനുമായി ആനന്ദ കുമാറിന് അവിശുദ്ധ ബന്ധം’; പാതിവില തട്ടിപ്പിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

പകുതി വില തട്ടിപ്പ് കേസില്‍ ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പകുതി വില സ്കൂട്ടർ പദ്ധതിക്ക് പിന്നിൽ ആനന്ദ കുമാറാണെന്ന് പൊലീസ് ആരോപിക്കുന്നു.

‘വുമൺ ഓൺ വീൽസ് ‘ എന്ന് പദ്ധതിക്ക് പേരിട്ടത് ആനന്ദ കുമാറാണ്. അനന്തു കൃഷ്ണനുമായി ആനന്ദ കുമാറിന് അവിശുദ്ധ ബന്ധമായിരുന്നു. എൻജിഒ കോൺഫെഡറേഷനിൽ ആനന്ദ കുമാർ ചെയർമാൻ ആയിരിക്കെ പണപ്പിരിവ് നടന്നു. രാജിവെച്ചത് കൊണ്ട് തട്ടിപ്പിൽ പങ്കില്ലെന്ന് പറയാൻ കഴിയില്ലെന്നും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പൊലീസ് പറഞ്ഞു.

ലാലി വിൻസന്റ് അഭിഭാഷക ഫീസായി കൈപ്പറ്റിയ 46 ലക്ഷം തട്ടിപ്പിലൂടെ സമാഹരിച്ച പണമാണ്. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള ലാലിക്ക് ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെടുന്നു. നിയമ പരിജ്ഞാനവും രാഷ്ട്രീയ സ്വാധീനവും പ്രതി കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാം. കൈക്കലാക്കിയ പണം എവിടെയൊക്കെ ചെലവാക്കിയെന്ന് കണ്ടെത്തണം.

പ്രതികളുടെ അനധികൃത സ്വത്ത്‌ സമ്പാദനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണ്. ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും മുൻ‌കൂർ ജാമ്യപേക്ഷയെ എതിർത്ത് കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട്‌ നല്‍കിയിരിക്കുന്നത്. പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസില്‍ കണ്ണൂരിൽ മാത്രം 2026 പേരാണ് ഇരയായത്. ജില്ലയിൽ നിന്ന് സ്കൂട്ടർ പദ്ധതിയിൽ മാത്രം അനന്തു കൃഷ്ണന്‍ സമാഹരിച്ചത് 12 കോടിയിലധികം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *