സിനിമാ സമരത്തിൽ സുരേഷ് കുമാറിനെ പിന്തുണച്ച് നിർമാതാവ് സിയാദ് കോക്കർ. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും സുരേഷ് കുമാർ പറഞ്ഞ കണക്കുകൾ സത്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് സിയാദ് കോക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിയാദ് കോക്കറിന്റെ വാക്കുകൾ: ‘‘ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം കൊണ്ടു പറഞ്ഞു. സിനിമാസമരം എന്നു പറയുന്നത് സർക്കാരിന് എതിരെയാണ്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ വരുന്നതാണ്. കൂടുതൽ ലാഭവിഹിതം കൊണ്ടുപോകുന്നത് സർക്കാരാണ്. അതാണ് പ്രധാനം. ആന്റണിയുടെ പോസ്റ്റ് ഞാൻ വായിച്ചിട്ടില്ല. അതിൽ അദ്ദേഹത്തിന്റെ വികാരം പറഞ്ഞതാകും. ആന്റണിയെ മീറ്റിങ്ങിന് വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് വരാമായിരുന്നു, അഭിപ്രായം പറയാമായിരുന്നു. മാറിയിരുന്ന് ഇങ്ങനെ പറയുന്നത് തെറ്റല്ലേ? ഞാനായാലും സുരേഷ് കുമാർ ആയാലും ആന്റണിയുമായി വളരെയധികം ബന്ധം ഉള്ള ആളുകളാണ്. സുരേഷ് കുമാർ പറഞ്ഞ കണക്കുകളൊക്കെ ശരിയാണ്. 100 കോടി എന്നത് പലരും തെറ്റിദ്ധരിച്ച് സംസാരിക്കുന്ന കാര്യമാണ്. ഗ്രോസ് കലക്ഷനാണ് 100 കോടി ക്ലബ് എന്നു പറയുന്നത്. അതുകൊണ്ടാണ് പല നിർമാതാക്കളും ഇതിന്റെ വ്യാപ്തി മനസ്സിലാകാതെ സംസാരിക്കുന്നതും പ്രൊഡക്ഷനു വരുന്നതും. അതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിൽ എന്താണ് തെറ്റുള്ളത്? എനിക്കു മനസ്സിലാകുന്നില്ല.’’
മലയാള സിനിമ പ്രതിസന്ധിയിലാണെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടത് വലിയ വിമർശനത്തിന് വഴിയൊരുക്കി. അതിനു പിന്നാലെയാണ് സുരേഷ് കുമാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആന്റണി പെരുമ്പാവൂർ പരസ്യമായി പോസ്റ്റിട്ടത്.