ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ നല്‍കിയത് 1000 ദിവസത്തെ പരോള്‍. ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
1081 ദിവസത്തെ പരോളാണു കെ.സി.രാമചന്ദ്രന് അനുവദിച്ചത്. ട്രൗസര്‍ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചു. മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും. ടി.കെ.രജീഷിന് 940, മുഹമ്മദ് ഷാഫി 656, കിര്‍മാണി മനോജ് 851, എം.സി.അനൂപ് 900, ഷിനോജ് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണു പരോള്‍ നല്‍കിയത്.
2018 ജനുവരി മുതല്‍ കൊടി സുനിക്ക് 90 ദിവസത്തെ പരോള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്പെഷല്‍ ലീവ് എന്നിങ്ങനെ 3 വിഭാഗത്തിലാണു പരോള്‍ അനുവദിച്ചത്. ജയില്‍ചട്ടമനുസരിച്ചു പ്രതികള്‍ക്കു ലീവ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണു ജയില്‍വകുപ്പിന്റെ നിലപാട്.
കൊലയാളികളെ സംരക്ഷിക്കുക എന്നതു സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതാണ് ആഭ്യന്തരവകുപ്പ് നടപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതു നടക്കുന്നത്. നിയമസഭയില്‍ ഇതു സംബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രമ വ്യക്തമാക്കി.