ലഹരിക്കേസിൽ നിന്ന് ഷൈൻ ടോം ചാക്കോയെ മുക്തമാക്കിയ കോടതി വിധിയിൽ ദൈവത്തിന് സ്തുതിയർപ്പിച്ച് പിതാവ് സി.പി ചാക്കോ. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി അവസാനിച്ചുവെന്നും പത്ത് വർഷം ഈ പാപഭാരം ശിരസിലേറ്റി നടക്കുകയായിരുന്നുവെന്ന് സി.പി ചാക്കോ പറഞ്ഞു.
അതിനൊരു മോചനമാണ് കിട്ടിയിരിക്കുന്നത്. മണിപ്പാലിൽ കാടിനകത്ത് ഷൂട്ട് നടക്കുന്നതിനാൽ കേസിന്റെ വിവരം ഷൈനിനോട് പറയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേസ് വന്ന സമയത്ത് എല്ലാവർക്കും അറിയാമായിരുന്നു ഫേക്ക് ആണെന്ന്. അതുകൊണ്ടുതന്നെ ഷൈനിന്റെ കരിയറിന് താഴ്ചയൊന്നും സംഭവിച്ചില്ല. ഷൈനിന്റെ ഡേറ്റ് അടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോൾ ഞാനാണ്. പുതിയ പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്.
10 വർഷവും പദ്മവ്യൂഹത്തിൽ പെട്ട അവസ്ഥയിലായിരുന്നു. ഇതിന് പിന്നിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന് വിധി വന്നതിന് ശേഷം ഞങ്ങൾ അന്വേഷിക്കും. ഷൈനിനെ കേസിൽ പെടുത്തിയതാണ് എന്നുതന്നെയാണ് വിശ്വസിക്കുന്നത്. വിധിപകർപ്പ് കിട്ടിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും സി.പി ചാക്കോ വ്യക്തമാക്കി.