ബഹ്റൈനിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിൻ്റെ അംഗീകാരം

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിൽ യോഗത്തിൽ നിർദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കൗൺസിൽ യോഗത്തിൽ നിയമകാര്യ മന്ത്രി, ആക്ടിങ് ലേബർ മന്ത്രി, ആക്ടിങ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ( എൽ.എം.ആർ.എ) ചെയർമാൻ യൂസഫ് ഖലാഫ് എന്നിവർ സന്നിഹിതരായിരുന്നു. തൊഴിലാളികളുടെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും അല്ലെങ്കിൽ അവരെ നാട്ടിലേക്കയക്കുന്നതിനും തൊഴിലുടമ നിയമപരമായി ഉത്തരവാദിയാണെന്ന് യൂസഫ് ഖലാഫ് പറഞ്ഞു. നിയമലംഘന പരിഹാരം ഒറ്റത്തവണ മാത്രമേ അനുവദിക്കുള്ളൂ എന്നും ആവർത്തിച്ചുള്ള ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ മറ്റ് കമ്പനികളുടെ പെർമിറ്റോ ഉള്ള തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് 1,000 ദിനാറാണ് നിലവിൽ പിഴ. ഇത് 500 ദിനാറായി കുറയ്ക്കും. ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കും. അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ കമ്പനി, ലംഘനം തീർപ്പാക്കുകയാണെങ്കിൽ ഈ കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളിൽനിന്ന് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *