വഴി തടഞ്ഞുള്ള സമരം; ‘ഇനി ആവര്‍ത്തിക്കില്ല’, നിരുപാധികം മാപ്പ് ചോദിച്ച് നേതാക്കള്‍

പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷയുമായി രാഷ്ട്രീയ നേതാക്കള്‍. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നേതാക്കള്‍ നിരുപാധികം മാപ്പപേക്ഷിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, വി.കെ പ്രശാന്ത്, ടി.ജെ വിനോദ് എം.എല്‍.എ എന്നിവരാണ് കോടതിയില്‍ നേരിട്ട് ഹാജരായത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് ഹാജരാകേണ്ടതായിരുന്നു. സി.പി.എം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ അദ്ദേഹം അവധിക്ക് അപേക്ഷിച്ചിരുന്നു. ഗോവിന്ദനോട് 12-ാം തിയ്യതി വൈകുന്നേരം നാല് മണിക്ക് നേരിട്ട് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്ന് വ്യക്തമാക്കിയ കോടതി പോലീസ് സത്യവാങ്മൂലങ്ങളിലുള്ള അതൃപ്തിയും പ്രകടമാക്കി. കേസ് മാര്‍ച്ച് മൂന്നിന് വീണ്ടും പരിഗണിക്കുമ്പോള്‍ നേതാക്കള്‍ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

റോഡിലല്ല പൊതുയോഗങ്ങളും സമരങ്ങളും നടത്തേണ്ടതെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രതിഷേധവും സമരവും നടത്തുന്നതിന് ആരും എതിരല്ല. അത് പൊതുവഴി തടഞ്ഞും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും നടത്തുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സെക്രട്ടറിയേറ്റിന് മുന്നില്‍ സി.പി.ഐയുടെ ജോയിന്റ് കൗണ്‍സില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ്, കൊച്ചി കോര്‍പറേഷന് മുന്നിലെ കോണ്‍ഗ്രസ് സമരം, വഞ്ചിയൂരില്‍ റോഡ് കൊട്ടിയടച്ച സി.പി.എം ഏരിയ സമ്മേളനം തുടങ്ങിയവ ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *