ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ഫ്ളാറ്റില്‍നിന്ന് ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ വിദ്യാർഥി പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിന് ഇതുവരെ എൻ.ഒ.സി ഹാജരാക്കാനായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളിനോട് എന്‍.ഒ.സി രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സി.ബി.എസ്.ഇ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമാണ്. ഗ്ലോബല്‍ പബ്ലിക് സ്കൂളിനോട് എന്‍.ഒ.സി രേഖകള്‍ അടിയന്തരമായി സമര്പ്പിക്കാന്ക്കാന് വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് സമര്‍പ്പിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിച്ചുവരുകയാണ്. വിഷയം ഗൗരവത്തോടുകൂടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക് സ്കൂൾ, കാക്കനാട് ജെംസ് സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്കൂൾ-മാനേജ്മന്റ് പ്രതിനിധികൾ എന്നിവരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിൽ കണ്ട് അന്വേഷണം നടത്തിയെന്നും മാതാവ് ഉന്നയിച്ച റാഗിങ്ങ് സംബന്ധമായ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചെന്നും മന്ത്രി പറഞ്ഞു.
മിഹിർ അഹമ്മദിന്റെ മരണത്തിന് ശേഷം കുട്ടികൾക്ക് സ്കൂളിൽ വെച്ച് റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുള്ളതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന് ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഭീകരമായ റാഗിങ്ങ് അനുഭവങ്ങൾ നേരിടേണ്ടി വന്നതായും അത് അവനെ ആത്മഹത്യയുടെ വക്കു വരെ എത്തിച്ചതായി ഒരു രക്ഷിതാവ് വെളിപ്പെടുത്തി. പരാതി സ്കൂൾ അധികൃതർ അവഗണിച്ചതിനാൽ ടി.സി. വാങ്ങി കുട്ടിയെ മറ്റൊരു സ്കൂളിലേയ്ക്ക് ചേർക്കേണ്ടിവന്നതായും രക്ഷിതാവ് വെളിപ്പെടുത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിയന്തരമായി മൂന്ന് കാര്യങ്ങളാണ് വിദ്യഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. ഒന്ന് മിഹിറിന് അപകടം സംഭവിച്ച കാര്യം, രണ്ട് കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത്. സ്കൂളുകളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നിവ സംബന്ധിച്ചാണ് മൂന്നാമതായി പരിശോധിക്കുന്നത്.