ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി ‘അദാനി’ കല്യാണം; 10000 കോടി സാമൂഹിക സേവനത്തിന്

വൻ ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിത്യത്തോടെ നടത്തി ശതകോടീശ്വരൻ ഗൗതം അദാനി. മകന്‍റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപയാണ് സാമൂഹിക സേവനത്തിനായി അദാനി മാറ്റിവച്ചത്. ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കുമെന്ന് അദാനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

10,000 കോടി രൂപയുടെ ഭൂരിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ- നൈപുണി വികസന പദ്ധതികള്‍ക്കായി ചെലവഴിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉന്നതനിലവാരത്തിലുള്ള കെ-12 സ്‌കൂളുകളും ഈ തുക ഉപയോഗിച്ച് നിര്‍മിക്കും. ഗൗതം അദാനിയുടെ തീരുമാനം പൊതുജനങ്ങൾക്ക് ഒന്നിലധികം വിധത്തിൽ പ്രയോജനം ചെയ്യുമെന്ന് വ്യവസായ പ്രമുഖനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. വജ്രവ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവ ആണ് വധു. അതിഥികൾക്കായുള്ള സ്വകാര്യ ജെറ്റുകളും വേദിയിൽ ആരാധകര്‍ ഏറെയുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും സാന്നിധ്യവും എല്ലാം ഒഴിവാക്കി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഊന്നിയുള്ള പാരമ്പര്യ വിവാഹമായിരുന്നു ജീത്തിന്‍റേത്. അടുത്ത ബന്ധുക്കളും കുടുംബവും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തോടനുബന്ധിച്ച് മംഗള്‍ സേവ എന്ന പേരില്‍ അടുത്തിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ വനിതകളെ സഹായിക്കുന്നതിനുള്ള പദ്ധതിയും അദാനി പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ഷവും ഭിന്നശേഷിക്കാരായ 500 വനിതകള്‍ക്ക് 10 ലക്ഷത്തിന്‍റെ സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *