ഡൽഹിയിൽ അടിതെറ്റി ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കിലുണ്ടായ വൻ ചോർച്ചയാണ് ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിന് വഴിവെച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കിലുണ്ടായ വൻ ചോർച്ചയാണ് ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിന് വഴിവെച്ചതെന്നാണ്‌ പ്രാഥമിക റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഡൽഹിയിലെ മധ്യവർഗ വോട്ടർമാരും പൂർവാഞ്ചൽ വോട്ടർമാരും ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതി എന്നകാര്യം വ്യക്തമാണ്.

മധ്യവർഗ വോട്ടർമാരും പൂർവാഞ്ചൽ വോട്ടർമാരുമാണ് 2015ലും 2020ലും ആം ആദ്മി പാർട്ടിയുടെ തകർപ്പൻ വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഇപ്പോൾ‌ ഈ വോട്ടർമാർ എതിരായതോടെ ആം ആദ്മി പാർട്ടിക്ക് അടിതെറ്റിയത്. 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരം പിടിക്കുമെന്നാണ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മധ്യവർഗത്തിനും പൂർവാഞ്ചൽ വോട്ടർമാർക്കും സ്വാധീനമുള്ള 25 സീറ്റുകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം.

ദക്ഷിണ ഡൽഹി, സെൻട്രൽ ഡൽഹി, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മധ്യവർഗത്തിന് ആധിപത്യമുള്ളത്. കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഡൽഹിയിലെ പൂർവാഞ്ചൽ വോട്ടർമാർ എന്നുപറയുന്നത്. ന്യൂഡൽഹി നിയമസഭ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ പർവേശ് വർമയെ ലീഡ് നേടിയിരുന്നു. ഇത് മധ്യവർഗം ആം ആദ്മിയിൽ അസംതൃപ്തരാണെന്നതിന്‍റെ സൂചനയാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *