യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷതിൻറെ ആരംഭമാണ് നാളെ.
എന്നാൽ, ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദ ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. ജൂലൈ രണ്ടുമുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്. ഏഷ്യൻ സ്‌കൂളുകളിൽ ഈ പാദത്തിലാണ് കലാകായിക മത്സരങ്ങളും പഠന യാത്രകളും നടക്കാറുള്ളത്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം പരിപാടികൾ ഒന്നും പൂർണതോതിൽ നടന്നിരുന്നില്ല. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും എടുത്തുകളഞ്ഞതോടെ ഈ വർഷം കലാകായിക പരിപാടികളും വിനോദയാത്രകളും നടക്കുമെന്ന സന്തോഷത്തലാണ് വിദ്യാർത്ഥികളും അധ്യാപകരും.