സാമൂഹ്യപ്രവർത്തക മേരി റോയ് അന്തരിച്ചു

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ്  അന്തരിച്ചു.89 വയസായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. 

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി.

ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *