രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നു; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

രാജ്യത്തിന് അഭിമാനമായി കൊച്ചി കപ്പൽശാല തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ ‘വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക നിലവിൽ വന്നു. ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക പ്രകാശനം ചെയ്തത്. സെൻറ് ജോർജ് ക്രോസിൻറെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. ഛത്രപതി ശിവജിയുടെ മുദ്രയുള്ളതാണ് പുതിയ പതാക.

രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

”ആത്മനിർഭർ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോർ ദി വേൾഡ് ആണ് ലക്ഷ്യം. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരം” എന്ന് മോദി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ കർശനമായ സുരക്ഷയോടെ നടക്കുന്ന ചടങ്ങിൽ പങ്കെടുത്തു. വിക്രാന്തിന്റെ സമർപ്പണ ചടങ്ങിന് ശേഷം നാവികവിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് മംഗലാപുരത്തേക്ക് പോകും.

20,000 കോടി രൂപ ചെലവിട്ട് 2005 ഏപ്രിലിൽ നിർമ്മാണം തുടങ്ങി 15 വർഷം കൊണ്ടാണ് കപ്പൽ നീറ്റിലിറങ്ങിയത്. 76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.

രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്. മിസൈൽ ഉൾപ്പെടെ ആയുധങ്ങൾ ഘടിപ്പിച്ച് വിക്രാന്ത് യുദ്ധസജ്ജമാകാൻ ഒന്നര വർഷം കൂടിയെടുക്കും.ചടങ്ങുകളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *