സ്പീക്കർ പദവി ഒഴിഞ്ഞ എം.ബി രാജേഷ് പിണറായി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
തദ്ദേശഭരണ, എക്സൈസ് മന്ത്രി ആയിരുന്ന എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതോടെ രാജിവച്ച ഒഴിവിലാണു രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം അദ്ദേഹത്തിന്റെ വകുപ്പുകൾ നിശ്ചയിച്ചുള്ള ഫയൽ രാജ്ഭവനു കൈമാറും. ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ രാജേഷിനു കൈമാറാനാണു സിപിഎം സെക്രട്ടേറിയറ്റിൽ ഉണ്ടായ ധാരണ.