പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് 20 പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ

ഒക്‌ടോബര്‍ 30 മുതല്‍ 3 പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

ആഴ്ചയില്‍ 13 സര്‍വീസുകള്‍ മുംബൈയില്‍ നിന്നും നാലെണ്ണം ഹൈദരാബാദില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ചെന്നൈയില്‍ നിന്നും ദോഹയിലേക്ക് പറക്കും. ‍ഡൽഹിയില്‍ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി. ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി ഒക്‌ടോബര്‍ 30 മുതല്‍ ഹൈദരാബാദില്‍ നിന്ന് ദോഹയിലേയ്ക്ക് ഇന്‍ഡിഗോയും പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *