ഷാർജയിൽ അൽ തൗൺ കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന അഞ്ചു വയസ്സുകാരനെ രക്ഷിച്ച വഴിയാത്രക്കാരനെയും കാവൽക്കാരനെയും ഷാർജ പൊലീസ് ആദരിച്ചു.
പ്രവാസികളായ ആദിൽ അബ്ദുൽ ഹഫീസിനെയും, കെട്ടിടത്തിന്റെ കാവൽക്കാരൻ നേപ്പാൾ സ്വദേശി മുഹമ്മദ് റഹ്മത്തുല്ലയെയുംമാണ് ഷാർജ പൊലീസ് തലവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്.
ഉയർന്ന നിലയിലെ ഫ്ലാറ്റിന്റെ ജനാലയിൽ അപകടകരമായി തൂങ്ങിക്കിടന്ന കുട്ടി കെട്ടിടത്തിന് അരികിലൂടെ നടന്നുപോവുകയായിരുന്ന ആദിൽ അബ്ദുൽ ഹഫീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുല്ലയെ വിവരമറിയിച്ച് ഇരുവരും അപാർട്മെന്റിലേയ്ക്ക് ഓ ടിച്ചെന്ന് നോക്കിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
അഞ്ചു വയസ്സുള്ള സിറിയൻ സ്വദേശിയായ ബാലനാണ് അൽഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ഉറങ്ങി കിടക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ താഴെയുള്ള കടയിലേക്ക് പോയതായിരുന്നു മാതാവ്. എന്നാൽ, ഈ സമയം കുട്ടി ഉറക്കമുണർന്നു. മാതാവിനെ തിരഞ്ഞ കുഞ്ഞ് ജനൽ വഴി പുറത്തേക്ക് പോകാമെന്ന് കരുതി അവിടേക്ക് കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവ സ്ഥലം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ജനാലകളുടെ നിർമിതിയിൽ യാതൊരു നിയമ ലംഘനവും കണ്ടെത്തിയില്ല. അതിനാൽ കേസ് എടുത്തിട്ടില്ല . വീട്ടിൽ കുട്ടികൾ ഉള്ളവർ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി ഇരുവർക്കും ഉപഹാരം നൽകി. രണ്ടുപേരും മനോധൈര്യം കൈവിടാതെ വീരകൃത്യമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.