”ഫ്രീ ബ്രെഡ് ഫോർ ഓൾ” ; 10 സ്മാർട്ട് മെഷീനുകൾ സമ്മാനിച്ച് എമിറാത്തി വ്യവസായി

ദുബായ് : ”ഫ്രീ ബ്രെഡ് ഫോർ ഓൾ” ദുബായ് സംരംഭത്തിന് പിന്തുണ നൽകി എമിറാത്തി വ്യവസായിയായ ഖലാഫി ബിൻ അഹമ്മദ് അൽ ഹബ്തൂർ. ”ഫ്രീ ബ്രെഡ് ഫോർ ഓൾ” സംരംഭത്തിന് സഹായകരമാകുന്ന നിരവധി ഉപകരണങ്ങൾ ദുബായിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനിൽ അംഗമായിട്ടുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസിക്ക് വ്യവസായി നൽകി.

ആവശ്യക്കാർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി തയ്യാറാക്കുന്നതിനായി ദുബായിലെ അംഗീകൃത സ്ഥലങ്ങളിൽ ഷോപ്പിംഗ് സെന്ററുകളുമായി സഹകരിച്ച് മുൻകൂട്ടി പ്രോഗ്രാം ചെയ്ത 10 സ്മാർട്ട് മെഷീനുകളാണ് അൽ ഹബ്തൂർ നൽകിയത് . ഇത്തരം സംരംഭങ്ങൾ യുഎഇ ജനതയിൽ മാനുഷീകതയും സഹാനുഭൂതിയും വളർത്തുന്നുവെന്നും ഇങ്ങനെയൊരു നല്ല ആശയത്തിന് തുടക്കം കുറിച്ച സംഘാടകർക്ക് താൻ നന്ദി പറയുന്നുവെന്നും അൽ ഹബ്തൂർ പറഞ്ഞു. കൂടാതെ എല്ലാ എമിറേറ്റുകളിലും ഈ സംരംഭത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,”എന്നും അൽ ഹബ്തൂർ അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് ഇവിടുത്തെ പൗരന്മാരിൽ അന്തർലീനമായ ഒരു സംസ്‌കാരമാണെന്ന് ദുബായിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അലി അൽ മുതവ അഭിപ്രായപ്പെട്ടു. രാജ്യനേതൃത്വത്തിന്റെ ബുദ്ധിപരമായ കാഴ്ചപ്പാടാണ് സാമൂഹികമായ ഐക്യദാർഢ്യസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംരംഭം വളരെയധികം ജനങ്ങൾ ഹൃദയത്തിലേറ്റി കഴിഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസിയുടെ ഡയറക്ടർ സൈനബ് അൽ തമീമിയും വ്യവസായിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു.

ഇത്തരത്തിലുള്ള സഹായ പ്രവർത്തനങ്ങൾ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രചോദനമാവുകയും ഭാവിയിൽ ഇത് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുകയും സാമൂഹിക സന്തുലിതാവസ്ഥയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *