മുഖ്യമന്ത്രി ബിജെപിയുടെയും മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണെന്ന് കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

ബിജെപിക്കെതിരെ നിശിത വിമർശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജോഡോ യാത്രയെ വിമർശിക്കുന്നതെന്നറിയില്ലെന്നും വേണുഗോപാൽ തുറന്നടിച്ചു. 

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകളോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സുഗമമായി നടക്കും. രാഹുൽ ഗാന്ധി നയിക്കണമെന്നായിരുന്നു എല്ലാവരെയും പോലെ തന്റെയും ആഗ്രഹവും. എന്നാൽ മാറി നിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും വേണുഗോപാൽ വിശദീകരിച്ചു. 

അതേ സമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. 

Leave a Reply

Your email address will not be published. Required fields are marked *