സ്വദേശിവൽക്കരണത്തിൽ പിഴവ് വരുത്തുന്ന സ്വകാര്യ കമ്പനികൾക്ക് 20,000 ദിർഹം വീതം പിഴ ഈടാക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി.നിയമിക്കേണ്ട ജീവനക്കാരുടെ എണ്ണം കണക്കാക്കി, ഓരോരുത്തർക്കും 20, 000 ദിർഹം എന്ന രീതിയിലായിരിക്കും പിഴ ഈടാക്കുക. 2023 ജനുവരി മുതൽ നടലാക്കുന്ന നിയമ പ്രകാരം പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം പാലിക്കണം. പ്രതിവർഷം ഇത് പിന്തുടരാത്ത സ്വകാര്യ കമ്പനികൾക്ക് 6,000 ദിർഹം പിഴയും ചുമത്തുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
2022ലെ കാബിനറ്റ് പ്രമേയം (5/19) പ്രകാരം, മന്ത്രാലയത്തിൽ രജിസ്‌റ്റർ ചെയ്‌ത 50-ഓ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്‌ഥാപനങ്ങളും അവരുടെ നിലവിലെ സ്വദേശിവൽക്കരണ നിരക്കുകൾ വർധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടത്തിക്കൊണ്ട് 2026-ഓടെ ഇത്തരം കമ്പനികൾ സ്വദേശിവൽക്കരണ വളർച്ച 10 ശതമാനത്തിലേക്കെത്തിക്കണം. സ്ഥാപനം സ്വദേശിവൽക്കരത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ, പ്രതിമാസ സംഭാവനകളിൽ 1,000 ദിർഹം വാർഷിക വർദ്ധനവോടെ അടുത്ത ജനുവരി മുതൽ പിഴയും സംഭാവനകളും നൽകേണ്ടതായി വരും. തൊഴിൽ നിയമത്തിന് അനുസൃതമായി എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന ഒരു കരാർ ബന്ധമായിരിക്കണം പൗരനും കമ്പനിയും തമ്മിലുള്ള ബന്ധം എന്നും മന്ത്രാലയം പറഞ്ഞു.