ദുബായ് : ദുബായിലെ മൊബൈൽ ഷോപ്പിൽ നിന്നും കഴിഞ്ഞ മെയ് മാസം 28,000 ദിർഹം വിലമതിക്കുന്ന 40 മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടു പേർക്ക് ദുബായ് ക്രിമിനൽ കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു.കൂടാതെ മോഷണ മുതലിന്റെ മൂല്യമായ 28000 ദിർഹം പിഴയടച്ചതിനുശേഷം ഇവരെ നാട് കടത്തും.
മൊബൈൽ ഫോണുകൾ വിൽക്കുന്ന കടയുടെ വാതിൽ തകർത്തു അകത്തു കയറിയ രണ്ടുപേർ, പ്രദർശിപ്പിച്ചിരുന്ന മൊബൈല്‍ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ വാതിലും ഒഴിഞ്ഞ ക്യാഷ് കൗണ്ടറും കണ്ട ശേഷം ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു.സ്ഥലത്തെ നിരീക്ഷണ ക്യാമെറകളിലും മറ്റും മുഖം പതിഞ്ഞ കുറ്റവാളികളെ സി ഐ ഡി കളുടെ സഹായത്തോടെ താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇതിനോടകം മോഷ്ടിച്ച 40 മൊബൈലുകളിൽ 10 എണ്ണം പ്രതികൾ വില്പന നടത്തി പണം പങ്കിട്ടെടുത്തിരുന്നു. ശേഷിക്കുന്ന 30 ഫോണുകളാണ് തൊണ്ടി മുതലായി കണ്ടെടുത്തത്.
ചോദ്യം ചെയ്ലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.മോഷ്ടിക്കാൻ മുൻകൂട്ടി തീരുമാനിച്ചതിനു ശേഷം ആളുകൾ ഒഴിയുന്നതിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നുവെന്നും, ആളുകൾ ഒഴിഞ്ഞ സമയം കട കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.