മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം
അർബുദ ബാധിതനായി ഏറെ നാളായി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു മാസം മുൻപാണ് ആരോഗ്യനില വീണ്ടും വഷളായത്.
രോഗബാധയെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിരുന്നു. ചുമതല ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധം പാർട്ടി അംഗീകരിക്കുകയായിരുന്നു. ആ ഒഴിവിലാണ് എം.വി.ഗോവിന്ദൻ മാസ്റ്റർസ സിപിഎം സംസ്ഥാന സെക്രട്ടറിയായത്.
2011-16 കാലയളവിൽ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചു.
സിപിഎമ്മിന്റെ പ്രതിസന്ധി കാലത്തും ഭരണത്തുടർച്ച നേടിയപ്പോഴും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അനാരോഗ്യത്തെ തുടർന്ന് പാർട്ടിയോട് ആവശ്യപ്പെട്ടാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്.
ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും വരെയായ ചരിത്രമാണ് കോടിയേരിക്ക്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി. പിന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി. അങ്ങനെ പടിപടിയായി ആയിരുന്നു കോടിയേരിയുടെ വളർച്ച. താഴേത്തട്ടു മുതലുള്ള രാഷ്ട്രീയം പഠിച്ചും പരിചയിച്ചുമാണ് കോടിയേരിയിലെ നേതാവ് പരുവപ്പെട്ടത്.
വിഭാഗീയത കത്തി നിന്ന ആലപ്പുഴ നമ്മേളനത്തിൽ, ഏറെ സങ്കീർണമായ ദശാസന്ധിയിലാണ് പിണറായിയുടെ പിൻഗാമിയായി കോടിയേരി മാർക്സിസ്റ്റ് പാർട്ടിയുടെ അമരത്തെത്തിയത്. പാർട്ടിയിലെ തർക്കങ്ങളിൽ എക്കാലത്തും മധ്യസ്ഥന്റെ റോളായിരുന്നു കോടിയേരിക്ക്. പിണറായി പക്ഷക്കാരനായി അറിയപ്പെട്ടപ്പോഴും വി എസിനെ പിണക്കിയില്ല.
വിഭാഗീയതയുടെ പടുകുഴിയിൽ ആയിരുന്ന പാർട്ടിയെ ഇന്നത്തെ പാർട്ടിയായി മാറ്റിയതിൽ കോടിയേരിയുടെ പങ്കും ചെറുതല്ല. സൗമ്യമായ ഇടപെടലും നിലപാടുകളിലെ കാർക്കശ്യവുമാണ് കോടിയേരി ബാലകൃഷ്ണന്റ മുഖമുദ്ര. പ്രതിസന്ധികളെ ചിരിച്ചു കൊണ്ടു നേരിടും. പ്രത്യയശാസ്ത്രവും പ്രായോഗിക രാഷ്ട്രീയവും പറഞ്ഞ് പ്രതിരോധിക്കും. വ്യക്തിപരമായി ഒരപവാദവും കേൾപ്പിക്കാത്ത നേതാവ് പലപ്പോഴും പ്രതിരോധത്തിലായത് കുടുംബാംഗങ്ങൾക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ പേരിലായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ ഒരു വർഷത്തിലേറെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നു. അപ്പോഴും തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായിക്കൊപ്പം തന്ത്രമൊരുക്കിയതും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും കോടിയേരി തന്നെയായിരുന്നു. മുന്നണിയുടെ ചരിത്ര തുടർ ഭരണത്തിനു പിന്നാലേ കോടിയേരി സെക്രട്ടറി സ്ഥാനത്തു തിരികെയെത്തി. തുടർച്ചയായ മൂന്നാം സമ്മേളനത്തിലും സെക്രട്ടറിയുമായി. അനാരോഗ്യമാണ് സെക്രട്ടറി സ്ഥാനം നിർവഹിക്കാൻ കോടിയേരിക്ക് തടസ്സമായത്. ചുമതല ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധം സിപിഎം നേതൃത്വം അംഗീകരിക്കുകയായിരുന്നു.