വാർത്തകൾ ഒറ്റ നോട്ടത്തിൽ

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് നടന്നു. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കിയത്. റെഡ് വോളന്റിയേഴ്‌സിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, എംഎ ബേബി എന്നിവര്‍ ചേര്‍ന്നാണ് കോടിയേരിയുടെ മൃതദേഹം സംസ്‌കാരസ്ഥലത്തേക്ക് എത്തിച്ചത്. പിബി അംഗങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കന്മാരും പ്രിയ സഖാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളള്‍ അരമണിക്കൂറോളം നടന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ ചടയന്‍ സ്മാരകത്തില്‍ നിന്ന് പയ്യാമ്പലത്തേക്ക് എത്തിയത്. ജനലക്ഷങ്ങളാണ് ഇന്നലെ മുതല്‍ അന്തിമാഭിവാദ്യംഅര്‍പ്പിക്കാന്‍ കണ്ണൂരിലെത്തിയത്.സംസ്‌കാരച്ചടങ്ങിന് ശേഷം നടന്ന അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ഠമിടറി, പാതിവഴിയില്‍ സംസാരമവസാനിപ്പിച്ചു..

………………………..

തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. മൂന്നാംതവണയും കാനം രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി.

തന്നെ വെട്ടാന്‍ സിപിഐയില്‍ ആരും ജനിച്ചിട്ടില്ലെന്ന് , മാധ്യമങ്ങളോട സി ദിവാകരന്‍ പ്രതികരിച്ചു

……..

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്സിനേഷന്‍ നിരക്ക് സ്വന്തമാക്കി അബുദാബി. വാക്‌സീന്‍ യോഗ്യരായവരില്‍ 100 ശതമാനത്തോളം പേരും വാക്‌സീന്‍ സ്വീകരിച്ചതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. അബൂദാബി നടത്തിയ വാക്സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത് കൈവരിക്കാനായതെന്ന് ആരോഗ്യവകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ തന്നെ അബൂദാബിക്ക് കോവിഡ് മഹാമാരിയെ നേരിടാനായെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലോകത്ത് വാക്‌സീന്‍ ക്യാംപെയന്‍ തുടങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. കോവിഡ് നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി പൊരുത്തപ്പെട്ടതാണ് മഹാമാരിയെ വേഗത്തില്‍ അകറ്റാന്‍ സഹായിച്ചതെന്നും ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തി. കോവിഡിനെ അതിജീവിച്ച ലോക നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാമത് എത്തിയതായി ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് ഗ്രൂപ്പ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

……………………….

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി. രണ്ട് സ്ഥാനാര്‍ഥികളില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സ്വാതതന്ത്ര്യം ഉണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അതോറിറ്റി അധ്യക്ഷന്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

അതിനിടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം പ്രത്യേക മൊബൈല്‍ ആപ്പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കി. യാത്രയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം യാത്രയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ആപ്പ് വഴി നല്‍കും. വ്യാഴാഴ്ച കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ് അറിയിച്ചു.

……………..

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ ‘പ്രചണ്ഡ്’ വ്യോമസേനയുടെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പുരില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്‌നാഥ് സിങ്ങാണ് ഹെലികോപ്റ്ററിനു ‘പ്രചണ്ഡ്’ എന്ന് നാമകരണം ചെയ്തത്. രാജ്നാഥ് സിങ് എല്‍സിഎച്ച് പ്രചണ്ഡില്‍ പറക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയര്‍ത്തുമ്പോള്‍, സേനയുടെ പ്രതിരോധക്കരുത്ത് കൂട്ടാന്‍ പ്രചിന്റെ് വരവ് സഹായകമാകും. വിവിധ മിസൈലുകളും മറ്റ് ആയുധങ്ങളും വിക്ഷേപിക്കാന്‍ തക്ക മള്‍ട്ടി-റോള്‍ പ്ലാറ്റ്ഫോം ആണ് എല്‍സിഎച്ച് പ്രചണ്ഡയുടേത്.

……………

ദേവീചൈതന്യത്തില്‍ ഇന്ന് ദുര്‍ഗാഷ്ടമി. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളുടെ പൂജവയ്പ് അഷ്ടമി തിഥിയുടെ വിശേഷ മുഹൂര്‍ത്തമുള്ള ഇന്നലെ വൈകിട്ട് തുടങ്ങി ദുര്‍ഗാഷ്ടമി ദിനമായ ഇന്നും പൂജവയ്പ് നടക്കും. ഇന്നലെ തുടങ്ങി നാല് ദിവസമാണ് ഇത്തവണ ക്ഷേത്രങ്ങളിലെ സരസ്വതീ പൂജ. നാളെ മഹാനവമി ദിനത്തിലാണ് ആയുധ പൂജ. മറ്റന്നാള്‍ വിജയ ദശമി ദിനത്തില്‍ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം നടക്കും. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലടക്കം വിവിധയിടങ്ങളില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്

………………..

വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം. രാമചന്ദ്രന്‍ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു . സംസ്‌കാരം ഇന്ന് വൈകിട്ട് ബര്‍ദുബായില്‍ നടക്കും. രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. 80 വയസായിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരില്‍ 2015ല്‍ ദുബായില്‍ തടവിലായ അദ്ദേഹം 2018 ജൂണിലാണ് ജയില്‍ മോചിതനായത്. ഇരുപതോളം മലയാള സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

……………….

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിന്‍സില്‍നിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയന്‍സ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു.

……………

ബംഗ്ലാദേശില്‍ നടന്ന ഏഷ്യാക്കപ്പ് ടി 20 വനിതാ ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തില്‍ മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ടക്ക്്വര്‍ത്ത് ലൂയിസ് രീതിപ്രകാരം കണക്കാക്കുമ്പോള്‍ 30 റണ്‍സിനാണ് ഇ്ന്ത്യയുടെ വിജയം. 4 വിക്കറ്റിന് 181 റണ്‍സെന്ന ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്ന മലേഷ്യയ്ക്ക്, മഴമൂലം കളിനിര്‍ത്തുമ്പോള്‍, 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

……………

ഫിഫ ലോകകപ്പിനായി തയ്യാറെടുക്കുന്ന ഖത്തര്‍ ടീമിന്റെ ഓപ്പണ്‍ പരിശീലനം നേരില്‍ കാണാന്‍ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ ഒഴുകിയെത്തി. വെകുന്നേരം 4 മണിക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചതിനാല്‍, നൂറുകണക്കിന് ആരാധകര്‍ ദേശീയ പതാകകള്‍ വഹിച്ച് ഇഷ്ട താരങ്ങളെ കാണാന്‍ വളരെ നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു. സ്‌പെയിനിലും ഓസ്ട്രിയയിലുമായി പരിശീലന ക്യാമ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മാസങ്ങള്‍ക്ക് ശേഷം ഖത്തറിന്റെ താരങ്ങള്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പന്തുതട്ടാനെത്തുന്നത്. ആരാധകരുടെ ആവേശം ഏറ്റുവാങ്ങിയ താരങ്ങള്‍ ലോകകപ്പ് അരങ്ങേറ്റ മല്‍സരത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി.

……………

കേരളത്തില്‍ ബുധനാഴ്ചവരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി , പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *