വാർത്തകൾ ഒറ്റനോട്ടത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരള നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തന്നെ എതിര്‍ക്കുന്നവരില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്ന് ശശി തരൂര്‍ തുറന്നടിച്ചു. കെ.സി വേണുഗോപാല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായി നേരിട്ടറിവില്ലെന്നും മാധ്യമങ്ങള്‍ വഴിയാണിത് കേട്ടതെന്നും അദ്ദേഹം പറഞ്ഞു. ആരെയും താഴ്ത്തിക്കെട്ടാന്‍ ഇതവരെ താന്‍ ശ്രമിച്ചിട്ടില്ല. ചെറിയ മനസുള്ളവര്‍ക്കാണ് അസൂയയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വിടണമെങ്കില്‍ നേരത്തെ ആകാമായിരുന്നുവെന്നും താന്‍ പറയുന്നതിനെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ചിലരുണ്ടെന്നും, സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

…….

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎല്‍എ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെക്കൊപ്പം പ്രചാരണം നടത്തും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളില്‍ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും. നിലവില്‍ ചെന്നിത്തല കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല. ചെന്നിത്തലയെ കൂടാതെ കെ സുധാകരന്‍, വി.ഡി സതീശന്‍ തുടങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെ ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

……….

സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവാണ് ശശിതരൂരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ തന്റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കും നല്‍കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

……………

കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി നവി മുംബൈയില്‍ അറസ്റ്റില്‍. 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ എത്തിച്ച എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസാണ് ഡിആര്‍ഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓറഞ്ച് എന്ന പേരിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ എത്തിച്ചത്. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്.

………………

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിദ്യാരംഭം സംഘടിപ്പിച്ചു. സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും അധ്യാപകരും നേതൃത്വം നല്‍കി.

തിരൂര്‍ തുഞ്ചന്‍പറമ്പിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും എറണാകുളം പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭത്തിന്, പുലര്‍ച്ചെ മുതല്‍ വന്‍തിരക്കായിരുന്നു.

യുഎഇലും വിവിധ സംഘടനകള്‍ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു. റേഡിയോ കേരളം ഓഫീസിലും ആദ്യാക്ഷരം കുറിക്കാനും അരങ്ങേറ്റം നടത്താനും അവസരം ഒരുക്കിയിരുന്നു. രാവിലെ 6.30 മുതല്‍ ദുബായ് കരാമയിലുള്ള റേഡിയോ കേരളം ഓഫീസിലാണ് അരങ്ങേറ്റവും – വിദ്യാരംഭവും സംഘടിപ്പിച്ചത്. റേഡിയോ കേരളം സ്റ്റേഷന്‍ ഡയറക്ടറും പ്രശസ്ത ഗായകനുമായ ജി ശ്രീറാം, ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍, ഡോ. സഫറുള്ളഖാന്‍, ചലചിത്രതാരവും റേഡിയോ കേരളം സെലിബ്രിറ്റി ആര്‍ജെയുമായ പ്രിയങ്കനായര്‍ എന്നിവര്‍ അരങ്ങേറ്റത്തിനും വിദ്യാരംഭത്തിനും നേതൃത്വം നല്‍കി.

……….

മൂന്നാഴ്ചയായി മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു.മ്യാന്‍മറില്‍ നിന്ന് വിമാനത്തില്‍ ദില്ലിയിലെത്തിച്ച 13 തമിഴ്‌നാട് സ്വദേശികളെ ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. തമിഴ്‌നാട് വഖഫ് പ്രവാസികാര്യ വകുപ്പ് മന്ത്രി സെഞ്ചി മസ്താന്‍ ഇവരെ സ്വീകരിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് മൂന്നുപേര്‍. മലയാളികളടക്കം മുന്നൂറോളം പേരാണ് മ്യാന്‍മറില്‍ തടവില്‍ കഴിയുന്നത്.

…….

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കാരലിന്‍ ആര്‍.ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ.ബാരി ഷാര്‍പ്ലെസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ‘ക്ലിക്ക് കെമിസ്ട്രിയും ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രിയും’ വികസിപ്പിച്ചതിനാണ് പുരസ്‌കാരം

………………….

മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. 82-കാരനായ മുലായംസിങ്ങിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയോടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും നില ഗുരുതരമാകുകയായിരുന്നു. ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിവരികയാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സമാജ് വാദി പാര്‍ട്ടി അറിയിച്ചു

………………….

ഇന്ത്യയില്‍ മുസ്ലീങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു. വിജയദശമി ദിനവുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ദളിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും തുല്യാവകാശവും – സ്ത്രീകള്‍ക്ക് അവസരങ്ങളും നല്‍കാതെ ഇന്ത്യക്ക് പുരോഗതി പ്രാപിക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് മേധാവി ഓര്‍മിപ്പിച്ചു.

………..

ഇന്ത്യയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ലക്ഷ്‌കര്‍ ഇ തോയ്ബ എന്നീ നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട 10 പേരെ തീവ്രവാദികളായി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. യുഎപിഎ നിയമമനുസരിച്ച് ആണ് ഇവരെ തീവ്രവാദികളായി പ്രഖ്യാപിച്ചത്. ഇതില്‍ 6 പേര്‍ പാകിസ്ഥാന്‍ പൗരന്മാരും നാലുപേര്‍ കാശ്മീര്‍ സ്വദേശികളുമാണ്.

……………

.യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സൈനിക നടപടി പോംവഴിയല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും സഹായം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായി ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

………..

റഷ്യ കയ്യടക്കിയ കൂടുതല്‍ നഗരങ്ങള്‍ തിരിച്ചുപിടിച്ച് യുക്രൈന്‍. കെര്‍സണ്‍ പ്രവിശ്യയിലെ നഗരങ്ങള്‍ തിരിച്ചുപിടിച്ചതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ പൂര്‍ണമായും റഷ്യന്‍ സൈന്യത്തില്‍ നിന്നും മോചിപ്പിച്ചു. അതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടെലിഫോണില്‍ സംസാരിച്ചു. 625 മില്യന്റെ സഹായങ്ങള്‍ അമേരിക്ക യുക്രൈന് പ്രഖ്യാപിച്ചു. റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പടെയുള്ള ആയുധ സഹായമാണ് അമേരിക്ക, യുക്രൈന് നല്‍കുക.

…………

ഇന്ത്യയുടെ സ്വന്തം റൂപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാനാകും. നാഷനല്‍ പെയ്മന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷനല്‍ പെയ്മന്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനത്തിലാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *