ഉറക്കമുണർന്ന പ്രവാസിക്ക് ഓർമ്മകൾ നഷ്ട്ടപ്പെട്ടു ; നാട്ടിൽ എത്തിച്ച് ഇന്ത്യൻ എംബസി, ചികിത്സക്ക് സഹായം നൽകി നവോദയ ജീവകാരുണ്യ കമ്മിറ്റി

റിയാദ് : സ്ട്രോക്ക് നിമിത്തം ഓർമ്മ നഷ്ടപ്പെട്ട പ്രവാസിയെ ചിലവുകൾ വഹിച്ച് ഇന്ത്യൻ എംബസി നാട്ടിലെത്തിച്ചു. മുപ്പത് വർഷമായി സൗദിയിൽ ജോലിചെയ്ത് വരികയായിരുന്ന തിരുവനന്തപുരം, നെയ്യാറ്റിന്‍കര പൊട്ടക്കുളം സ്വദേശിയായ മോഹനനെയാണ് നാട്ടിൽ എത്തിച്ചത്. നിലവിൽ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരുന്നതിനിടെ ഉറക്കത്തിൽ സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് പെട്ടെന്ന് ഓർമ്മ നഷ്ടപ്പെടുകയായിരുന്നു.

രാവിലെ ഉറക്കമുണര്‍ന്ന ശേഷം മോഹനന്‍ എന്ന പ്രവാസി ഓര്‍മ്മകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. റൂമില്‍ താമസിക്കുന്നവരുടെയോ വീട്ടുകാരുടെയോ പേരുകളോ, നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരുപോലും ഇയാൾക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.നവോദയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ബാബുജി സുമേസി കിംഗ് സഊദ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ തലച്ചോറിന്റെ ഒരുഭാഗത്ത് സ്‌ട്രോക്ക് വന്ന് ഞരമ്പുകള്‍ ബ്ലോക്കായതാണ് കാരണമെന്ന് കണ്ടെത്തി.

നീണ്ടകാലത്തെ ചികിത്സ വേണ്ടിവരുമെന്നറിയിച്ചതോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. സ്‌പോണ്‍സര്‍ ഇക്കാമ പുതുക്കിയ നല്‍കാത്തതിനാല്‍, നാട്ടിലേക്കുള്ള മടക്കം നിയമകുരുക്കിലായി. എംബസ്സി സഹായത്താല്‍ ഡീപോര്‍ട്ടഷന്‍ സെന്ററിനെയും അമീര്‍ കോര്‍ട്ടിനെയും പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് സ്പോണ്‍സറെ കണ്ടെത്തി ഇക്കാമയുടെ നീണ്ടകാലത്തെ പിഴയടച്ച് പുതിക്കിയതോടെയാണ് മടക്കയാത്രക്കുള്ള വഴി തുറന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ബാബുജി നേതൃത്വം നല്‍കി. മോഹനന്റേയും അനുയാത്രികനായ ബിനു വാസവന്റേയും ഫ്ളൈറ്റ് ടിക്കറ്റ് ചിലവുകള്‍ വഹിച്ചത് ഇന്ത്യന്‍ എംബസ്സിയാണ്. നവോദയ ജീവകാരുണ്യ കമ്മിറ്റി തുടര്‍ ചികിത്സക്കായി 50000 ഇന്ത്യന്‍ രൂപ നല്‍കി.

സംഘടനയുടെ ഉപഹാരവും സാമ്പത്തിക സഹായവും പ്രസിഡന്റ് വിക്രമലാലും ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ബാബുജിയും ചേര്‍ന്ന് അദ്ദേഹത്തിന്റെ റൂമില്‍ വെച്ച് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *