വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാൻസ് ചെയ്യണം, നിർമാതാക്കൾക്ക് വാശി; ഗൗരി ഷിൻഡെ

ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2012 ൽ പുറത്ത് ഇറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ്. സ്ത്രീപക്ഷ ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷ് ഗൗരി ഷിൻഡേയാണ് സംവിധാനം ചെയ്തത്. 2012 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധനേടാൻ കഴിഞ്ഞു.

നിരവധി എതിർപ്പുകളും അവഗണനയും സഹിച്ചാണ് ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി ഗൗരി ചിത്രം ഒരുക്കിയത്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായിക.ഒരു സ്ത്രീ കഥാപാത്രത്തിന് പ്രധാന്യം നൽകി സിനിമ നിർമ്മിക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്. എന്നാൽ നിർമാതാക്കളിൽ നിന്നും എതിർപ്പാണ് വന്നത്. അതുകൊണ്ട് തന്നെ ചിത്രം നിർമ്മിച്ചത് ഏറ്റവും ബുദ്ധിമുട്ടോട് കൂടിയാണെന്നാണ് ഗൗരി പറയുന്നത്.

‘സാരിയുടുത്ത മധ്യവയസ്‌കയായ സ്ത്രീയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. കൂടാതെ ആളുകൾ ഇഷ്ടപ്പെടുന്ന മസാലകളൊന്നും ചിത്രത്തിൽ ഇല്ലായിരുന്നു. ഒരു സാധാരണ വീട്ടമ്മയെയാണ് ശ്രീദേവി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ ഭർത്താവും മക്കളും കളിയാക്കുന്ന ഒരു വീട്ടമ്മ. സ്വന്തം ജീവിതം പടുത്തുയർത്താൻ വേണ്ടി ഈ വീട്ടമ്മ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. എന്നാൽ ഇത് അംഗീകരിക്കാൻ നിർമാതാക്കൾക്ക് കഴിഞ്ഞില്ല. കഥയിൽ പല മാറ്റങ്ങളും ഇവർ നിർദ്ദേശിച്ചു.

നടൻ ആദിൽ ഹുസൈനാണ് ശ്രീദേവിയുടെ ഭർത്താവായി അഭിനയിച്ചത്. ആ കഥാപാത്രത്തിലേക്ക് ഒരു സൂപ്പർ സ്റ്റാർ എത്തണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. കൂടാതെ ന്യൂയോർക്കിലെ ചിത്രീകരണത്തിനും സമ്മതമല്ലായിരുന്നു. ശ്രീദേവിയുടെ ഒരു ഐറ്റം ഡാൻസായിരുന്നു ഇവരുടെ മറ്റൊരു ആവശ്യം. അതോടെ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പിന്നീടാണ് ചിത്രത്തിലേക്ക് നിർമാതാവ് ബാൽക്കി എത്തിയത്. അങ്ങനെയാണ് പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ച് സിനിമ നിർമിച്ചത്’ ഗൗരി ഷിൻഡെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *