ബഹ്‌റൈനില്‍ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം സംവിധാനം

ബഹ്‌റൈനില്‍ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം സംവിധാനം കൊണ്ടുവരുന്നു. തൊഴില്‍ പരിഷ്‌കാരങ്ങളുടെ വിശദ വിവരങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ) പുറത്തുവിട്ടു. ബഹ്‌റൈൻ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനും സ്‌പോൺസറില്ലാതെ ഏതെങ്കിലും പ്രത്യേക തൊഴിലിൽ ജോലി ചെയ്യാനും അനുവദിക്കുന്ന പെർമിറ്റാണ് ഫ്ലെക്സി പെർമിറ്റുകൾ.ബുധനാഴ്ച ബഹ്‌റൈന്‍ ചേംബര്‍ സന്ദര്‍ശിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് തൊഴില്‍ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്.

നിലവില്‍ ഫ്‌ലെക്‌സി പെര്‍മിറ്റ് ഉള്ളവരും നിയമാനുസൃത വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരും പ്രത്യേക ലേബര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കില്ലെന്ന് നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍ പറഞ്ഞു. സന്ദര്‍ശക വിസയില്‍ എത്തുന്നവരുടെയും അപേക്ഷ സ്വീകരിക്കില്ല. ബഹ്‌റൈനില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ല. പ്രത്യേക ലൈസന്‍സ് ആവശ്യമായ തൊഴില്‍ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അതിനുള്ള ലൈസന്‍സ് നേടണം. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ ആരോഗ്യ ഫീസും ഇന്‍ഷുറന്‍സും അടയ്ക്കണം. നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്താന്‍ പരിശോധനകള്‍ നടത്തും. തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വ്യവസായ വാണിജ്യ മന്ത്രാലയവും സ്വകാര്യ മേഖലയും സഹകരിച്ച് പുതിയ ലേബര്‍ രജിസ്‌ട്രേഷന്‍ സെന്ററുകള്‍ തുടങ്ങും. നടപടികള്‍ എളുപ്പമാക്കാന്‍ ‘സിജിലാത്’ പോര്‍ട്ടലിലും രജിസ്‌ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *