ദുബായ് : ദുബായിലെ പള്ളിക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏഷ്യക്കാരനായ ഡ്രൈവർക്ക് 10% അംഗവൈകല്യം ഉണ്ടായ സംഭവത്തിൽ പ്രതിയെ ദുബായ് ക്രിമിനൽ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ശിക്ഷ കഴിഞ്ഞ് നാടുകടത്തുകയും ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പള്ളിക്ക് മുന്നിലെ പാർക്കിങ്ങിനെ ചൊല്ലി പ്രതിയും ഏഷ്യക്കാരനായ വ്യക്തിയും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.എന്നാൽ തർക്കത്തിനിടയിൽ പ്രതി പെട്ടെന്ന് ഇരയെ മർദ്ദിക്കുകയായിരുന്നുവെന്നും, വഴിയാത്രക്കാർ ഇവരെ വേർപെടുത്തിയെങ്കിലും നിമിഷങ്ങൾക്കകം പ്രതി മരത്തടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ബോധം നഷ്ടപ്പെട്ട ഏഷ്യക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസ പൂർത്തിയാക്കിയ ശേഷം ഇയാൾ പൊലീസിൽ പരാതി നൽകി.
ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം ഇരയുടെ തലയ്ക്കും താടിയെല്ലിനും കൈകൾക്കും പരിക്കേറ്റു. പരിക്കേറ്റതിന്റെ ഫലമായി, വായയുടെ അറ്റത്ത് സംഭവിച്ച മുറിവ് മൂലം ഇയാൾക്ക് ജീവിതകാലം മുഴുവൻ ഭക്ഷണം ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടായിരിക്കുമെന്നും 10% അംഗവൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.