ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു പൈസയുടെ വ്യത്യാസത്തില്‍ ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 82 രൂപ 41 പൈസയാണ് വിനിമയ നിരക്ക്.രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത് ഇന്നലെയാണ് ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്.
ഡോളര്‍ ഇന്നലെ 82.72 രൂപയിലേക്കു കുതിച്ചെങ്കിലും റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റപ്പോള്‍ താഴ്ന്നു. ഡോളര്‍ 85 രൂപയിലേക്കു കയറുമെന്ന സാധ്യത മുന്നില്‍ക്കണ്ട് ഇന്നലെ റിസര്‍വ് ബാങ്ക് നൂറു കോടിയിലേറെ ഡോളറാണ് വിറ്റത്. അതേസമയം
ഡോളര്‍ സൂചിക ഉയര്‍ന്നു നീങ്ങുകയാണ്. ഇന്നു രാവിലെ അല്‍പം താഴ്‌ന്നെങ്കിലും 113-നു മുകളില്‍ ആണു സൂചിക. ഇന്നലെ സൂചിക 113.14-ലാണ് ക്ലോസ് ചെയ്തത്. ഡോളര്‍ സൂചിക കയറിയതോടെ ക്രിപ്‌റ്റോ കറന്‍സി ബിറ്റ് കോയിന്‍ 19,000 ഡോളറിനു താഴെയായി.
………………..
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ പൊതുവേ വലിയ നഷ്ടത്തിലാണ്. ഇന്ത്യന്‍ ഓഹരിവിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബോംബെ ഓഹരിവില സൂചിക സെന്‍സെക്‌സ് 345 പോയിന്റ് താഴ്ന്ന് 57640 ലും ദേശീയ ഓഹരിവില സൂചിക നിഫ്റ്റി 107 പോയിന്റ് താഴ്ന്ന് 17134 ലും വ്യാപാരം തുടരുന്നു.
യുഎസ് കടപ്പത്രവിപണി ഇന്നലെ അവധിയായിരുന്നത് ഓഹരി വിപണിയുടെ പ്രവര്‍ത്തനത്തെ ചെറിയ തോതില്‍ മന്ദീഭവിപ്പിച്ചു. യൂറോപ്യന്‍ വിപണി ചെറിയ താഴ്ചയോടെ ക്ലോസ് ചെയ്തപ്പോള്‍ യുഎസ് വിപണിയില്‍ 0.3 ശതമാനം മുതല്‍ ഒരു ശതമാനം വരെ നഷ്ടം ഉണ്ടായി. ഓസ്‌ട്രേലിയയില്‍ എഎസ്എക്‌സ് സൂചിക രാവിലെ അര ശതമാനം ഉയര്‍ന്നാണു വ്യാപാരം. ജപ്പാനില്‍ നിക്കൈ രണ്ടു ശതമാനം നഷ്ടത്തോടെ വ്യാപാരമാരംഭിച്ചു. . ദക്ഷിണ കൊറിയയിലും വലിയ ഇടിവാണ്. ഉത്തര കൊറിയയുടെ മിസൈല്‍ പ്രകോപനങ്ങള്‍ മേഖലയില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. ഒരാഴ്ചത്തെ അവധിക്കു ശേഷം ഇന്നലെ 1.66 ശതമാനം നഷ്ടം കുറിച്ച ചൈനീസ് വിപണി ഇന്നും ചെറിയ താഴ്ചയില്‍ തുടങ്ങി.
…………………
ക്രൂഡ് ഓയില്‍ വിപണിയില്‍ വ്യാപാരികളുടെ ലാഭമെടുക്കല്‍ വില താഴ്ത്തി. ബ്രെന്റ് ഇനം രണ്ടു ശതമാനം ഇടിഞ്ഞ് 95.9 ഡോളറിലേക്കു താണു. കഴിഞ്ഞയാഴ്ച മുഴുവനും വില കയറുകയായിരുന്നു.10 ശതമാനത്താേളം കയറ്റമാണ് ഒരാഴ്ച കൊണ്ട് ഉണ്ടായത്. ഇപ്പോഴത്തെ താഴ്ച താല്‍ക്കാലികമാണെന്നാണു വിലയിരുത്തല്‍.
………………
സ്വര്‍ണം കുത്തനേ താഴ്ന്നു. 1690 ഡോളറില്‍ നിന്ന് 1669 ഡോളറിലെത്തി വില. ഇന്നു രാവിലെ 1675 വരെ കയറിയിട്ട് 1668-1670-ലേക്കു താണു. വെള്ളിവില 20 ഡോളറിനു താഴെയെത്തി. ഡോളര്‍ സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണം വെള്ളി വില വീണ്ടും താഴും. കേരളത്തില്‍ സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയിലാണുള്ളത്. വ്യാവസായിക ലോഹങ്ങളായ ചെമ്പ്, ടിന്‍, ലെഡ് എന്നിവ ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ അലൂമിനിയം, സിങ്ക്, നിക്കല്‍ എന്നിവ മൂന്നു ശതമാനം വരെ താഴ്ന്നു.
…………..
വിപണിയില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിക്കാര്‍ തിരിച്ചടി നേരിടുന്നു. മെയ്ഡന്‍ ഫാര്‍മ എന്ന ഹരിയാന കമ്പനി അയച്ച ചുമ സിറപ്പ് ഗാംബിയയില്‍ 69 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവം പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരായ വികാരം ഉണര്‍ത്തിയതാണ് കാരണം. ഇന്ത്യന്‍ കമ്പനികളെ എതിരാളികളായി കാണുന്ന വമ്പന്‍ പാശ്ചാത്യ കമ്പനികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഇത് അവസരമാക്കിയതാണ് തിരിച്ചടിയായത്.
……………….