പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദുർമന്ത്രവാദത്തിൻറെ മറവിൽ നടന്ന ഹീനമായ ഈ നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നതാണെന്ന് പറഞ്ഞ ചെന്നിത്തല, ദൈവത്തിൻറെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ തന്നെയാണ് ഇത് നടന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ടു.
സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത് നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല പൊലീസിനെതിരെ വിമർശനവും ഉന്നയിച്ചു. ആദ്യ മിസിംഗ് കേസിൽ അന്വേഷണം നടന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് പറഞ്ഞ ചെന്നിത്തല ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.