ദോഹ : നവംബർ 20 ന് ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായ 1.2 ദശലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഏകദേശം 3 ദശലക്ഷമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന ജനസഞ്ചയത്തെയാണ് ഈ ദിവസങ്ങളിൽ നിയന്ത്രിക്കേണ്ടിവരിക.സെൻട്രൽ ദോഹയിൽ നിന്ന് 40 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ രണ്ടാഴ്ചകളിൽ ഓരോ ദിവസവും നാല് മത്സരങ്ങൾ നടത്തുകയെന്ന വലിയ ദൗത്യവും സംഘാടകർക്ക് മുന്നിലുണ്ട്.
ഖത്തർ പോലെ ചെറിയൊരു രാജ്യത്ത് ഒരു ദിവസം നാല് മത്സരങ്ങൾ വരെ നടത്തുന്നത് കടുത്ത വെല്ലുവിളിയായിരിക്കുമെന്നും എന്നാൽ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ലോകകപ്പ് സംഘാടകർ ബുധനാഴ്ച ദോഹയിൽ അറിയിച്ചു. ലോകകപ്പിനോടനുബന്ധിച്ച് റോഡുകളിൽ വലിയ തോതിൽ തിരക്കേറുമെന്നും സംഘാടകർ വ്യക്തമാക്കി
രാജ്യത്തെ എല്ലാ നഗരങ്ങളിലും വലിയ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ മൊബിലിറ്റി ഡയറക്ടർ അബ്ദുൽ അസീസ് അലി അൽ മവ്ലവി അഭിപ്രായപ്പെട്ടു. .