ബിസിനസ്സ് വാര്‍ത്തകള്‍

രാജ്യത്തെ ഉപഭോകതൃ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ചില്ലറ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നു. 7.41 ശതമാനം ആണ് സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം. ജൂലൈയില്‍ ഇത് 7 ശതമാനം ആയിരുന്നു. ഒരു മാസം കൊണ്ട് 0.41 ശതമാനത്തിന്റെ വര്‍ധനയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായത്. തുടര്‍ച്ചയായ ഒമ്പതാമത്തെ മാസമാണ്, ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളില്‍ പണപ്പെരുപ്പം തുടരുന്നത്. രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.60 ശതമാനമാനത്തിലെത്തി . പച്ചക്കറി വില 18 ശതമാനത്തോളം ഉയര്‍ന്നു.

………………..

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 390.58 പോയിന്റ് താഴ്ന്ന് 57,235.33 ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 109.25 പോയിന്റ് താഴ്ന്ന് 17,014.35 ലുമാണ് ക്ലോസ് ചെയ്തത്.

………………………

തകര്‍ന്നിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇന്ന് നേരിയനേട്ടം..ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 82 രൂപ 29 പൈസയാണ് വിനിമയ നിരക്ക്.

ആയിരം ഇന്ത്യന്‍ രൂപയ്ക്ക് ഇപ്പോള്‍ 44 ദിര്‍ഹം 59 ഫില്‍സാണ്.

ഒരു യുഎഇ ദിര്‍ഹത്തിന് 22 രൂപ 43 പൈസ

ഖത്തര്‍ റിയാല്‍ 22 രൂപ 63 പൈസ

സൗദി അറേബ്യന്‍ റിയാല്‍ 21 രൂപ 92 പൈസ

ഒമാനി റിയാല്‍ 214 രൂപ രണ്ട് പൈസ..

കുവൈത്ത് ദിനാര്‍ 265 രൂപ 44 പൈസ.

ബഹറിന്‍ ദിനാര്‍ 218 രൂപ 55 പൈസ

……………………….

എസ്ബിഐ ബാങ്കിന്റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവ് പ്രഖ്യാപിച്ചു. എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നതിന്റെ കൈവരിച്ചതിന്റെ ഭാഗമായാണ് ബാങ്കിന്റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവ് അനുവദിച്ചത്. 8.40 ശതമാനം മുതലാണ് ഇതനുസരിച്ചുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്. 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകള്‍ക്ക് പ്രോസ്സിംഗ് ഫീസിലും ഇളവും നല്‍കിയിട്ടുണ്ട്. ടോപ് അപ് വായ്പകള്‍ക്ക് 0.15 ശതമാനവും വസ്തുക്കളുടെ ഈടിന്‍മേലുളള വായ്പകള്‍ക്ക് 0.30 ശതമാനവും ഇളവ് നല്‍കിയിട്ടുണ്ട്.

…………………………

5 വര്‍ഷത്തില്‍ കേരളത്തിലെ മികച്ച അഞ്ച് മികച്ച എന്‍ബിഎഫ്സികളിലൊന്നാകുകയെന്ന ലക്ഷ്യവുമായി റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ്. 100 ഓളം ശാഖകളുള്ള സ്ഥാപനം 2023 – 24 വര്‍ഷത്തില്‍ 175 ബ്രാഞ്ചുകളാകുമെന്നും എന്‍സിഡി പബ്ലിക് ഇഷ്യു അവതരിപ്പിക്കുമെന്നും റിലയന്റ് ക്രെഡിറ്റ്സ് മാനേജിംഗ് ഡയറക്റ്റര്‍ ജോസ്‌കുട്ടി സേവ്യര്‍ പറഞ്ഞു. റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ 33 ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

………………….

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക്. ആദ്യ ഉത്പന്നമായ ‘ബേണ്‍ഡ് ഹെയര്‍’ എന്ന പേരിലുള്ള പെര്‍ഫ്യൂം മസ്‌ക് കഴിഞ്ഞ ദിവസം പുറത്തിറക്കി.പുതിയ സംരംഭത്തെ സൂചിപ്പിച്ച് തന്റെ ട്വിറ്റര്‍ ബയോയില്‍ ‘പെര്‍ഫ്യൂം സെയ്ല്‍സ്മാന്‍’ എന്നും മസ്‌ക് മാറ്റിയിട്ടുണ്ട്.’ബേണ്‍ഡ് ഹെയര്‍’ ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധമാണെന്ന വിശേഷണത്തോടെ പരിചയപ്പെടുത്തിയതിന് പിന്നാലെ ഫോളോവേഴ്സിനോട് പെര്‍ഫ്യൂം വാങ്ങാന്‍ മസ്‌ക് അഭ്യര്‍ഥിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ പെര്‍ഫ്യൂമിന് 100 ഡോളറാണ് വില. ഇത് ഏകദേശം 8400 രൂപ വരും. ചുവന്ന നിറത്തിലുള്ള കുപ്പില്‍ വെള്ളി നിറത്തിലാണ് ‘ബേണ്‍ഡ് ഹെയര്‍’ എന്ന് എഴുതിയിരിക്കുന്നത്.

………………….

ജപ്പാന്റെ പറക്കും ബൈക്ക് അടുത്ത വര്‍ഷം അബുദാബിയില്‍ നിര്‍മിക്കുമെന്ന്് എയര്‍വിന്‍സ് കമ്പനിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് മാനേജര്‍ യുമ ടേക്കനാക പറഞ്ഞു. 6.71 കോടി രൂപ വില വരുന്ന ഫ്‌ലൈയിങ് ബൈക്കാണ് അബുദാബിയില്‍ നിര്‍മിക്കുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമുള്ള ബൈക്കില്‍ തുടര്‍ച്ചയായി 40 കി.മീ വരെ സഞ്ചരിക്കാം. ഒരു സീറ്റുള്ള പറക്കും ബൈക്കിന് 300 കിലോ ഭാരവും പരമാവധി 100 കിലോ വഹിക്കാനുള്ള ശേഷിയുമുണ്ട്. ഉത്പാദനം വാര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി കമ്പനിയുമായി ചേര്‍ന്ന് ബൈക്ക് നിര്‍മിക്കുന്നതെന്ന് എയര്‍വിന്‍സ് വ്യക്തമാക്കി. എന്നാല്‍ യുഎഇ കമ്പനിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *