വീട്ടുജോലിയിൽ ഉമ്മയെ സഹായിക്കാൻ ഒരു റോബോട്ടിനെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് കണ്ണൂരിലെ ഒരു വിദ്യാർഥി. വേങ്ങാട് സ്വദേശി മുഹമ്മദ് ഷിയാദിന്റെ വീട്ടിൽ എത്തിയാൽ ഭക്ഷണം കൊണ്ടുവരുന്നത് ആൻഡ്രോയിഡ് പാത്തൂട്ടിയാണ്. സുന്ദരിയായ പാത്തൂട്ടി ഇപ്പോൾ നാട്ടിലും ഒരു താരമാണ്.
കണ്ണൂർ വേങ്ങാട്മെട്ട കരയംതൊടിയിൽ റിച്ച് മഹലിൽ എത്തുന്നവരെ സ്വീകരിക്കുന്നതും സൽക്കരിക്കുന്നതും പാത്തൂട്ടിയാണ്. ഇ.കെ. നായനാർ സ്മാരക ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ്, ഉമ്മ സറീനക്കു വേണ്ടിയാണ് ഈ റോബോട്ടിനെ നിർമ്മിച്ചത്. നല്ല കുപ്പായം ഒക്കെ കൊടുത്ത് സെറീന പാത്തൂട്ടിയെ ഒരു മൊഞ്ചത്തിയാക്കി. ഓട്ടോമാറ്റിക്കായും മാന്വലായും റോബോട്ട് പ്രവർത്തിക്കും.
ആറ് കിലോ ഭാരം വഹിച്ചുനടക്കാൻ ‘പാത്തൂട്ടി’ക്ക് സാധിക്കും. റോബോട്ടിനെ നിർമ്മിക്കുന്നതിന് 10,000 രൂപയോളം ചിലവ് വന്നു. സഹപാഠി അർജുനും നിർമ്മാണ പ്രവർത്തനത്തിൽ സഹായിയായി. പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ.അബ്ദുൾ റഹ്മാന്റെ മകനാണ് മുഹമ്മദ് ഷിയാദ്.
ഉമ്മ സറീന അടുക്കളയിൽ ഒരു സഹായിയെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ. എല്ലാം ഉപ്പ അബ്ദുൾ റഹ് മാന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും കൊണ്ടാണെന്ന് മകൻ ഷിയാദ് പറയുന്നു. പുതുതായി നിർമ്മിച്ച റോബോട്ട് പ്രത്യേകം സജ്ജമാക്കിയ പാത്ത് തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നതിനാലാണ് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നത്.