മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സഹപാഠി പോലീസ് കസ്റ്റഡിയില്‍

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

ആത്മഹത്യയ്ക്ക് മുമ്പ് ഭുവന വീട്ടുകാര്‍ക്ക് അയച്ച സന്ദേശമാണ് നിര്‍ണായകമായത്. തന്റെ മരണത്തിന് ഉത്തരവാദി അല്‍ത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചത്തുകളയാന്‍ അല്‍ത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്നാണ് സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അല്‍ത്താഫിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ പാണ്ഡേശ്വരം പോലീസിന്റെ കസ്റ്റഡിയിലാണ് അല്‍ത്താഫ്. ഭുവനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *