കീഴ്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി ; ചികിത്സാപ്പിഴവ് മൂലം മരിച്ച കുട്ടിയുടെ നഷ്ടപരിഹാരത്തുക രണ്ട് ലക്ഷം ദിർഹമാക്കി ഉയർത്തി വിധി

അല്‍ഐന്‍ : യുഎഇയില്‍ ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹംനഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഏകദേശം 44 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണിത്. കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാകും ആശുപത്രിയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്കേസില്‍ നേരത്തെ കീഴ്‍കോടതി പ്രസ്‍താവിച്ച വിധി, കഴിഞ്ഞ ദിവസം അല്‍ ഐന്‍ അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.

ഗുരുതരമായ ആരോഗ്യപ്രശനത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് വേണ്ടത്ര പരിഗണനയോ ശ്രദ്ധയോ നൽകിയില്ലെന്നും അലംഭാവത്തോടെ ഡോക്ടർമാരും ആശുപത്രി അധികൃതരും പെരുമാറിയത് മൂലമാണ് മകന് മരണം സംഭവിച്ചതെന്നും ആരോപിച്ച് മാതാപിതാക്കൾ കേസ് കൊടുക്കുകയായിരുന്നു. രണ്ട് ഡോക്ടര്‍മാരെയും ആശുപത്രിയെയും പ്രതിയാക്കി നൽകിയ കേസിൽ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 90,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്കോടതി വിധിച്ചു. ആരോപണ വിധേയരായ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന നിലപാടെടുത്തു. തുടർന്ന് വിധിക്കെതിരെ പരാതിക്കാരും ആരോപണ വിധേയരും അപ്പീല്‍ നല്‍കി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോടതി ഒരു മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചു. കുട്ടിയുടെ ചികിത്സാ കാര്യത്തില്‍ ഡോക്ടര്‍മാരില്‍ നിന്ന് പിഴവുണ്ടായതായി ഈ അന്വേഷണത്തില്‍ തെളിഞ്ഞു. കീഴ്‍കോടതി വിധി തന്നെ ശരിവെച്ച അപ്പീല്‍ കോടതി, മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കിട്ടേണ്ട നഷ്ടപരിഹാരത്തുക രണ്ട് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിന് പുറമെ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നിയമനടപടികള്‍ക്കായി ചെലവായ തുകയും രണ്ട് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചേര്‍ന്ന് നല്‍കണമെന്നും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *