കുടുംബങ്ങൾക്ക് ശൈത്യകാല ക്യാംപിനുള്ള പെർമിറ്റിന് അപേക്ഷിക്കാമെന്ന് ദുബായ് നഗരസഭ അറിയിച്ചു. നവംബർ ഒന്നു മുതൽ 2023 ഏപ്രിൽ അവസാനം വരെയാണ് ക്യാംപിങ്ങിന് അനുമതി. ദുബായ് അവീർ ഒന്നിൽ വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി പകർപ്പ് എന്നിവ സഹിതം ദുബായ് മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴി പെർമിറ്റിന് അപേക്ഷിക്കാം. 3 മുതൽ 6 മാസം വരെ കാലാവധിയുള്ള പെർമിറ്റാണ് നൽകുക. ചതുരശ്ര മീറ്ററിന് 44 ഫിൽസ് എന്ന തോതിൽ ഫീസ് നൽകണം. പരമാവധി 400 ചതുരശ്ര മീറ്ററിൽ കൂടാൻ പാടില്ല.
കുടുംബങ്ങൾക്കു നൽകുന്ന ക്യാംപുകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. മറ്റു കുടുംബങ്ങൾക്കോ വ്യക്തികൾക്കോ കമ്പനികൾക്കോ ഹോട്ടലുകൾക്കോ വാടകയ്ക്ക് നൽകാനും പാടില്ല. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കും. ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായ് സിവിൽ ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെയാണ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കുക.