163 മില്യൺ ഡോളർ വിലയുള്ള ദുബായിലെ ഏറ്റവും വിലകൂടിയ വസതി ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനി സ്വന്തമാക്കി . റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അംബാനി തന്നെയാണ് ഇതിനു മുൻപും ദുബായിലെ ഏറ്റവും വിലയേറിയ വസതി സ്വന്തമാക്കിയ വ്യക്തി.ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, അംബാനി കഴിഞ്ഞയാഴ്ച പാം ജുമൈറയിലെ മാളിക വാങ്ങിയത് ഒരു വ്യവസായ പ്രമുഖന്റെ കുടുംബത്തിൽ നിന്നാണ്.
ഒരുകാലത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടായിരുന്ന ദുബായ് നഗരത്തിലെ 10 ബെഡ്റൂമുകളുള്ള 80 മില്യൺ ഡോളർ വിലവരുന്ന ബീച്ച്സൈഡ് മാളികയും അംബാനിയുടെ ഇളയ മകൻ അനന്തിന് വേണ്ടി വാങ്ങിയെന്നായിരുന്നു റിപ്പോർട്ട്.ദക്ഷിണ മുംബൈയിലെ 27 നിലകളുള്ള ആന്റിലയാണ് അംബാനി കുടുംബത്തിന്റെ പ്രധാന വീട്. എന്നാൽ യുഎസും യുകെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം കുടുംബാംഗങ്ങൾ സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലേക്കും കടന്നതിന്റെ ഭാഗമായി ഈ വർഷമാദ്യം ന്യൂയോർക്കിലെ ഏകദേശം 100 മില്യൺ ഡോളറിന്റെ മന്ദാരിൻ ഓറിയന്റലിന്റെ ഭൂരിഭാഗം ഓഹരികളും അംബാനി സ്വന്തമാക്കി.