പോപ്പുലർ ഫ്രണ്ടിന് പരിശീലനം; സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ പരിശീലനം നൽകാൻ അനുമതികൊടുത്തതിന് സസ്പെൻഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജിയണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. തസ്തികയിൽ പാലക്കാട് റീജണൽ ഫയർ ഓഫീസിലാണ് നിയമനം.

പാലക്കാട് റീജണൽ ഫയർ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിട്ടുണ്ട്. ഇതേ സംഭവത്തിൽ സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്. ജോഗിയെ നേരത്തെ സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു.

കഴിഞ്ഞ മാർച്ച് 30-നാണ് വിവാദമായ സംഭവം നടന്നത്. ആലുവ ടൗൺ ഹാളിൽ വച്ച് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരീശീലനം നൽകിയത്. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. പകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. 

Leave a Reply

Your email address will not be published. Required fields are marked *