12. 5 കിലോഗ്രാം കഞ്ചാവ് പിടികൂടി ദുബായ് കസ്റ്റംസ്

ദുബായ് : ആഫ്രിക്കയിൽ നിന്നും ദുബായ് വഴി കടത്താൻ ശ്രമിച്ച കിലോക്കണക്കിന് കഞ്ചാവ് ദുബായ് വിമാനത്താവളത്തിൽ പിടികൂടി.വിമാനത്താവളത്തില്‍ നടത്തിയ വിശദമായ പരിശോധനയിൽ ദുബൈ കസ്റ്റംസ് അധികൃതര്‍ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.

യാത്രക്കാരന്റെ കൈവശമുള്ള ബാഗിന് പതിവിലേറെ ഭാരം തോന്നിയത് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന് ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിന്റെ ഉള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ആദ്യത്തെ ബാഗില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി 2.9 കിലോഗ്രാം, 2.7 കിലോഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് പിടികൂടിയത്. രണ്ടാമത്തെ ബാഗില്‍ നിന്നും 3.4 കിലോഗ്രാം, 3.5 കിലോഗ്രാം എന്നിങ്ങനെ രണ്ട് പ്ലാസ്റ്റിക് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ കസ്റ്റംസ് യൂണിറ്റുകളുടെ ഏകീകരണത്തിന്റെയും സഹകരണത്തിന്റെയും ഫലമായാണ് ലഹരിമരുന്ന് കടത്ത് തടയാനായതെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഇബ്രാഹിം കമാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *