പുതിയ വീസകൾക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്നു യുഎഇ.

ദുബായ് : പുതിയ വീസകൾക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്നു യുഎഇ. പുതിയ വീസ അപേക്ഷകർ രാജ്യത്തുള്ള അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിലായിരിക്കണം.

5 വർഷം കാലാവധിയൂള്ള ടൂറിസ്റ്റ് വീസ, ചരക്ക് വാഹന ഡ്രൈവർമാക്ക് പ്രവേശിക്കാനുള്ള വീസ, ചികിത്സാവശ്യാർഥം നൽകുന്ന സന്ദർശക വീസ എന്നിവയെല്ലാം ലഭിക്കണമെങ്കിൽ അപേക്ഷകർ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണം . വീസയ്ക്കുള്ള അപേക്ഷ നൽകുമ്പോൾ തന്നെ ഇൻഷൂറൻസ് വിശദാംശങ്ങൾ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഗോൾഡൻ വീസയ്ക്കും ഇൻഷുറൻസ് നിർബന്ധം

ഗോൾഡൻ വീസയുള്ളവരുടെ കുടുംബാംഗങ്ങൾക്കു വീസ വേണമെങ്കിൽ ഇൻഷുറൻസ് എടുക്കണം. വീസാ കാലാവധി അവസാനിക്കുന്നതു വരെ ഇൻഷുറൻസും ഉണ്ടാകണം.

ഓരോ എമിറേറ്റിലെയും പ്രാദേശിക വീസ അപേക്ഷാ മാനദണ്ഡങ്ങൾ, ഇൻഷൂറൻസിനും ബാധകമാണ്. ബിസിനസ് , തൊഴിൽ അന്വേഷണത്തിനും നൽകുന്ന വീസയ്ക്ക് ഇൻഷുറൻസ് ഒപ്ഷണലാണെങ്കിലും ഇൻഷുറൻസ് തുകയായി 120 ദിർഹം അപേക്ഷയ്ക്കൊപ്പം നൽകണം.

വീസ അപേക്ഷകൾക്ക് ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കിയതോടെ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീസയുടെ കാലാവധിക്കനുസൃതമായ പാക്കേജുകളും അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം പ്രയോജനപ്പെടുന്നതുമായ പാക്കേജും ഇതിൽ ഉൾപ്പെടുന്നു. ഒറ്റത്തവണ യാത്രയ്ക്ക് സാധിക്കുന്നതും പലവട്ടം പോയി വരാൻ സാധിക്കുന്നതുമായ 8 തരം ഹ്രസ്വകാല വീസകൾ യുഎഇ നൽകുന്നുണ്ട്.

1. ടൂറിസ്റ്റ് വീസ

2. ഉറ്റവരെയോ സുഹൃത്തിനെയോ സന്ദർശിക്കാനുള്ള വീസ

3. തൊഴിലന്വേഷണം

4. സംരംഭങ്ങളുടെ സാധ്യത അന്വേഷിക്കാനുള്ളത്

5. ബിസിനസ് തുടങ്ങാനുളള വീസ

6. ചികിത്സ

7.പഠനം, പരിശീലനം, പുനരധിവാസം എന്നിവയ്ക്കായി നൽകുന്ന വീസ

8. നയതന്ത്ര പ്രതിനിധികൾക്കും സ്ഥാപനങ്ങൾക്കും ഉപചാരപൂർവം നൽകുന്ന കെർട്ടസി വീസ

Leave a Reply

Your email address will not be published. Required fields are marked *