വാട്സാപ്പിലൂടെ ലൈംഗിക ബന്ധത്തിന് ക്ഷണം, നാലര വർഷം ജയിൽ ശിക്ഷ വിധിച്ച് സൗദി കോടതി

റിയാദ് : വിവാഹിതയായ സ്ത്രീക്ക് വാട്സപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ക്ഷണിച്ചു കൊണ്ടുള്ള മെസേജ് അയച്ച സൗദി പൗരന് നാലര വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു .ആറുമാസത്തെ അച്ചടക്ക നടപടിയും കോടതി വിധിച്ചിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയിലെ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച വാട്‌സാപ്പ് അക്കൗണ്ട് റദ്ദാക്കാനും ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെതിരെ കുറ്റം ചുമത്തിയത്. വാട്‌സാപ്പ് വഴി യുവതിക്ക് ലൈംഗികച്ചുവ കലര്‍ന്ന സന്ദേശങ്ങള്‍ അയച്ച പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുകയുമായിരുന്നു. ജോലിക്കിടെയാണ് പ്രതിക്ക് യുവതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി.

പരാതിക്കാരന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പ്രതി കുറ്റം സമ്മതിച്ചു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം ചെയ്തതായും ഇയാള്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി, പ്രതിക്ക് നാലര വർഷം ശിക്ഷ വിധിക്കുകയായിരുന്നു. ആന്റി സൈബര്‍ ക്രൈം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6-8 പ്രകാരമാണ് ശിക്ഷ വിധിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *