കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു

കെപിസിസി അംഗവും  കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്. പാച്ചേനി സർക്കാർ എൽപി സ്കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി. തുടർന്ന് കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി.

അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977–78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി.

പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കമ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു പതിനാറാം വയസ്സിൽ പടിയിറക്കിയെങ്കിലും അതിലൊന്നും പാച്ചേനി തളർന്നില്ല.  2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി. തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

 

Leave a Reply

Your email address will not be published. Required fields are marked *