വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നൂറു ദിവസമായി സമരം നടത്തുന്നവർക്ക് പരോക്ഷ പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തിൽ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങി.
കോടതി വിധിയും പൊലീസ് നടപടിയും സർക്കാർ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം വിദേശ തുറമുഖങ്ങൾക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണത്തെ തുടർന്നാണ് ഇത്.തുറമുഖ നിർമ്മാണം ഏറക്കുറെ അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് സമരം തുടങ്ങിയത്.
സമരത്തിനെതിരെ ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായ്‌ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും. സമരത്തിനു പിന്നിൽ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ ആരോപണം.