ദുബായ് : യുഎഇയിൽ ഓൺലൈൻ വഴി ലഹരിമരുന്ന് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവർക്ക് തടവും 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ.ഏകദേശം 2.24 കോടി ഇന്ത്യൻ രൂപയാണിത്.
വാട്സാപ് ഉൾപ്പെടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ലഹരിമരുന്ന് വ്യാപാരം നടത്തുന്നവർക്ക് കുറഞ്ഞത് 6 മാസം തടവും അര ലക്ഷം ദിർഹം (11.2 ലക്ഷം രൂപ) പിഴയും ഉണ്ടാകും. ലഹരി വ്യാപാരികളും വാങ്ങുന്നവരും ശിക്ഷാർഹരാണ്.
നിരോധിത മരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും വിശദാംശങ്ങളോ ചിത്രമോ ദൃശ്യമോ ആവശ്യപ്പെടാതെ അയയ്ക്കുന്നതും കുറ്റകരമാണ്.ആവശ്യക്കാർ ബന്ധപ്പെടണമെന്ന് അറിയിപ്പോടെയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. അക്കൗണ്ടിൽ പണം ലഭിക്കുന്നതോടെ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുകയോ അല്ലെങ്കിൽ കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തെക്കുറിച്ച് സൂചന നൽകുകയോ ചെയ്യും. ആവശ്യക്കാരൻ പ്രസ്തുത സ്ഥലത്തെത്തി ലഹരി മരുന്ന് എടുക്കും.
ലഹരി ഇടപാടുകൾക്ക് ധനസഹായം നൽകുന്നവർക്ക് തടവോ അര ലക്ഷം ദിർഹം പിഴയോ ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്വന്തം ഉപയോഗത്തിനോ വിപണനത്തിനോ വേണ്ടി ലഹരിമരുന്ന് വാങ്ങുന്നതും ശിക്ഷാർഹമാണ്. ലഹരിമരുന്ന് ഇടപാടുകൾക്കായി മറ്റുള്ളവർ മുഖേന പണം നിക്ഷേപിക്കുന്നതും കുറ്റകരമാണ്. ലഹരിമരുന്നിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും അഭ്യർഥിച്ചു.