കോഴിക്കോട് പൊലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവാവിന് പിഎസ്സി പരീക്ഷക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ വീഴ്ച ശരിവെച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിസിപി പറഞ്ഞു.
ഇക്കഴിഞ്ഞ 22 നാണ് പിഎസ്സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് തടഞ്ഞത്. പരീക്ഷ എഴുതാന്‍ പോവുകയാണെന്നറിയിച്ചിട്ടും സിപിഒ വഴങ്ങിയില്ല. ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഗ്രേഡ് എസ്ഐ അരുണിനെ ഉടന്‍ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും പരീക്ഷ സമയം കഴിഞ്ഞതോടെ അരുണിന്റെ അവസരം നഷ്ടമാവുകയായിരുന്നു.