ഷാരോൺ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടിനാശിനി ചേർത്തു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയെ ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യംചെയ്തതോടെയാണ് ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞത്. കഷായത്തിൽ കീടനാശിനി കലർത്തിയെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ ഇന്ന് അറസ്റ്റു രേഖപ്പെടുത്താനിരിക്കെയാണ് ഈ സംഭവം.