ദുബായ് : തൊഴിൽ വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിനിരയായ കൊല്ലം യുവതി നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതിയെ കഴിഞ്ഞ വർഷം യഎയി ലേക്ക് എത്തിച്ചത്. എന്നാൽ ജോലി ചെയ്യിക്കാതെ മുറിയിൽ അടച്ച് പൂട്ടിയിടുകയായിരുന്നു. പാസ്പോർട്ട് കാലാവധി തീർന്നതിനു ശേഷവും പുതിയ വിസ അടിക്കാതിരിക്കുകയും ഭീഷണികൾ തുടരുകയും ചെയ്ത സാഹചര്യത്തിൽ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.തുടർന്ന് സാമൂഹിക പ്രവർത്തകരുടെ അടുത്ത് എത്തുകയും, എംബസ്സി വഴി നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുകയുമായിരുന്നു. ഒരുവർഷം നീണ്ട ഇരുണ്ട പ്രവാസത്തിനുശേഷമാണ് സീന എന്ന യുവതി നാട്ടിലെത്തിയത്.
പ്രമുഖ ദിനപ്പത്രത്തിലെ പരസ്യം കണ്ടതിനെത്തുടർന്നാണ് ഗൾഫില്‍ വീട്ടുജോലിക്കായി സീന ശ്രമിച്ചത്. ഏജന്റുമായി പരസ്യത്തിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ട സീനക്ക് ഇയാൾ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അങ്ങനെ ഒരു വര്‍ഷം മുമ്പ് കഷ്ടാപാടുകളെത്തുടർന്നാണ് സീന വീട്ടുജോലിക്കായിയുഎഇയിലേക്ക് എത്തുന്നത്. സന്ദര്‍ശക വീസയിലാണ് യുഎഇയിലെത്തിയത്. രണ്ടു മാസത്തോളം അജ്മാനിലെ ഒരു മുറിയിൽ പുറം ലോകം കാണിക്കാതെ അടച്ചിട്ടു. ജോലി തരാത്തതെന്തെന്ന് ചോദിക്കുമ്പോൾ ഭീഷണിയും പരിഹാസവുമായിരുന്നു സീനക്ക് ലഭിച്ച മറുപടികൾ. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലം സ്വദേശിനിയെയും മറ്റ് രണ്ട് പേരെയും ഏജന്റ് അജ്മാനില്‍ നിന്ന് ഒമാനിലെക്ക് കൊണ്ട് പോയി. വിമാനത്താവളത്തിൽ നിന്ന് നേരെ ഒരു വീട്ടിലേക്ക്. മൂന്നു മാസം കഴിഞ്ഞിട്ടും വീസയടിക്കാത്തത് എന്താണെന്ന് ചോദിച്ചതോടെ വീട്ടുടമ പാസ്‍പോര്‍ട്ട് പിടിച്ചു വാങ്ങി. ജോലിയിൽ തുടരാനാകില്ല എന്ന് അറിയിച്ചതോടെ മുറിയിൽ പൂട്ടിയിട്ടു. മൊബൈൽ പിടിച്ചു വാങ്ങി.എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് വീട്ടുടമ സീനയെ തിരികെ ഒമാനിലെ ഏജന്റിന്റെ പക്കലേക്ക് തിരിച്ചയച്ചു. നാട്ടിലേക്ക് അയക്കണമെന്ന് നിലപാടെടുത്തതോടെ വലിയ തുക നഷ്ടപരിഹാരമായി നല്കാൻ ഏജന്റ് ആവശ്യപ്പെടുകയായിരുന്നു.
മസ്കത്തിലെ ഏജൻസി ഓഫീസിൽ തടവിലെന്ന പോലെയയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരുടെ ജീവിതം. ഒടുവിൽ ഏജന്റിന്റെ ഓഫീസിൽ നിന്ന് ഒളിച്ചോടി സാമൂഹിക പ്രവര്‍ത്തകരുടെ അടുത്തെത്തി. തുടര്‍ന്ന് ഇന്ത്യൻ എംബസിയിലും.എംബസി നൽകിയ എമര്‍ജന്‍സ് സര്‍ട്ടഫിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിമാനം കയറുകയും ചെയ്‍തു. വീട്ടുജോലിക്കായെന്ന പേരിൽ നൂറു കണക്കിന് ആളുകളെയാണ് ഏജന്റുമാര്‍ കബളപ്പിച്ച് ഗൾഫ് രാജ്യങ്ങളിലേക്കെത്തിക്കുന്നത്. സന്ദര്‍ശക വീസ തൊഴിൽ വീസയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നത്.