മ്യൂസിയ ലൈംഗികാതിക്രമം കേസ്; പ്രതിയെ തിരിച്ചറിഞ്ഞു

മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരേ ആൾ തന്നെയാണെന്ന് വ്യക്തമായത്.

പൊലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനു മുൻപായിരുന്നു വനിതാ ഡോക്ടർക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

ഇതേ വാഹനത്തിൽ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാൾ എത്തിയതായി പൊലീസിനു ലഭിച്ച വിവരമാണ് നിർണായകമായത്. പ്രതി എവിടുത്തുകാരനാണെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്രതിയെന്നു സംശയിക്കുന്നയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മ്യൂസിയം പരിസരത്ത് ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവൻകോണത്തു വീടുകളിൽ കയറിയയാളും രണ്ടാണെന്നായിരുന്നു ഇതുവരെ പൊലീസിന്റെ നിലപാട്. എന്നാൽ, സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *