കാരവന്‍ സംസ്‌കാരം സിനിമയില്‍ സൗഹൃദം നശിപ്പിച്ചു

കാരവന്‍ സംസ്‌കാരം സിനിമയില്‍ സൗഹൃദ നിമിഷങ്ങള്‍ ഇല്ലാതാക്കിയെന്ന് സംവിധായകന്‍ ഹരികുമാര്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് കാരവന്‍ സംസ്‌കാരത്തെക്കുറിച്ച് ഹരികുമാര്‍ തുറന്നുപറഞ്ഞത്. ഷോട്ട് കഴിഞ്ഞാല്‍ ഉടന്‍തന്നെ താരങ്ങള്‍ കാരവനിലേക്കു പോകും. അടുത്ത ഷോട്ടിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് താരങ്ങള്‍ കാരവന്‍ വിട്ടു പുറത്തേക്കിറങ്ങുന്നത്.

ഷൂട്ടിങ്ങിനിടയിലെ സൗഹൃദ സംഭാഷണങ്ങള്‍ നഷ്ടമായിരിക്കുന്നു. മുമ്പ്, ഷൂട്ടിങ്ങിനിടയിലെ ഇടവേളകള്‍ താരങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. നേരമ്പോക്കുകള്‍ മാത്രമായിരുന്നില്ല സംഭാഷണത്തിന്റെ വിഷയങ്ങള്‍. സിനിമ, രാഷ്ട്രീയം, സംസ്‌കാരം, സാഹിത്യം, ഫാഷന്‍ തുടങ്ങിയ മേഖലകളെക്കുറിച്ചെല്ലാം ചര്‍ച്ചയുണ്ടാകുമായിരുന്നു.ഇപ്പോള്‍ താരങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ താത്പര്യമില്ലാത്തതു പോലെയാണ് തോന്നുന്നത്. ലൊക്കേഷനില്‍ ഓരോ അഭിനേതാക്കള്‍ക്കും പ്രത്യേകം കാരവാനുണ്ട്. ഓരോരുത്തരം അവരവരുടെ ലോകം സൃഷ്ടിച്ച് അതിനുള്ളിലിരിക്കുന്നു. ചിത്രീകരണ സമയത്തുള്ള മനോഹരമായ സൗഹൃദനിമിഷങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ഇതു വ്യക്തിബന്ധങ്ങളെയും ബാധിക്കും.

സിനിമയില്‍ ഒരുപാടു മാറ്റങ്ങള്‍ വന്നിരിക്കുന്നു. എല്ലാ സിനിമകളും കാണുന്ന വ്യക്തിയാണ് താനെന്നും ഹരികുമാര്‍ പറഞ്ഞു. മികച്ച സിനിമകള്‍ കാണുക എന്ന ലക്ഷ്യത്തോടെയാണ് പല ജൂറികളിലും അംഗമാകുന്നത്. പുതിയകാല സിനിമയില്‍ കഥ പറയുന്ന രീതിയും അഭിനയശൈലിയുമെല്ലാം ഒരുപാുടു മാറിയിരിക്കുന്നു. ജോഷിയെ പോലെ മറ്റുള്ളവരും കാലാനുസൃതമായ പുതുമകള്‍ സിനിമയില്‍ കൊണ്ടുവരണം. സംവിധായകനെന്ന നിലയില്‍ ജോഷി തികച്ചും വ്യത്യസ്തനാണെന്നും ഹരികുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *